വടകര: ജലനിധിയുടെ സഹായത്തോടെ അഴിയൂർ ഗ്രാമപഞ്ചായത്തിൽ മുഴുവൻ കുടിവെള്ള സ്രോതസുകളുടെയും ഗുണ നിലവാരം പരിശോധിക്കുന്ന നടപടികൾക്ക് തുടക്കം. ഇതിന്റെ മുന്നോടിയായി ഗ്രീൻസ് ആയുർവേദ ആശുപത്രിയിൽ ഓരോ വാർഡിൽ നിന്നും രണ്ട് കമ്മ്യൂണിറ്റി വളണ്ടിയർമാർക്കും ജനപ്രതിനിധികൾക്കും പരിശീലനം നൽകി. പരിശീലനപരിപാടിയിൽ 18 ജനപ്രതിനിധികളും വാർഡുകളിൽ നിന്ന് മെമ്പർമാർ നിർദ്ദേശിച്ച രണ്ട് വളണ്ടിയർമാരുമാണ് പങ്കെടുത്തത്. പരിശീലനത്തിന് ശേഷം ആദ്യ ഘട്ടത്തിൽ വോളണ്ടിയർമാർ ഫീൽഡിൽ പോയി കിറ്റ് ഉപയോഗിച്ച് വെള്ളത്തിന്റെ ഗുണനിലവാരം പരിശോധന നടത്തും. ഒരു വാർഡിലെ 200 സ്രോതസുകളാണ് പരിശോധിക്കുക. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസി മാനേജർ എം.പി ഷഹിർ പദ്ധതി വിശദികരിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ അനീഷ ആനന്ദ്‌ സദനം, രമ്യ കരോടി ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, കുടുംബശ്രീ ചെയർ പേഴ്സൺ ബിന്ദു ജെയ്‌സൺ, ജനപ്രതിനിധികളായ മൈമൂന ടീച്ചർ,ഫിറോസ് കാളാണ്ടി,സി.എം സജീവൻ ,കെ.കെ ജയചന്ദ്രൻ ,സാവിത്രി ടീച്ചർ,റീന രയരോത്ത്, കെ ലീല ,പ്രമോദ് മാട്ടണ്ടി,കവിത അനിൽ കുമാർ ,സാലിം പുനത്തിൽ,സീനത്ത് ബഷീർ,ഡോ. അസ്ഗർ എന്നിവർ സംസാരിച്ചു.