1
പൂവൻ കോഴിയേയും കാടകുഞ്ഞിനെയും പരിചരിക്കുന്ന കൃഷ്ണ പ്രസാദും ഭാര്യ ലതയും

കോഴിക്കോട്: കാഴ്ചയില്ലാത്ത പൂവൻ കോഴിക്ക് സ്വന്തം കണ്ണിലൂടെ വെളിച്ചം പകർന്ന് സ്വീറ്റിയെന്ന കാടക്കുഞ്ഞ്. കോഴിക്കോട് വെള്ളയിൽ തിരുത്തിവയൽ സ്വദേശിയായ കൃഷ്ണ പ്രസാദിന്റെ വീട്ടിലാണ് പൂവൻ കോഴിയും കാട ക്കുഞ്ഞും തമ്മിലുള്ള അപൂർവ സൗഹൃദ കാഴ്ച. രണ്ടുവർഷം മുമ്പാണ് സുഹൃത്ത്,​ കൃഷ്ണ പ്രസാദിന് ഗുജറാത്തിൽ നിന്നുളള ആസീൽ വർഗത്തിൽപെട്ട രണ്ട് കൊത്തു കോഴികളെ നൽകുന്നത്. അതിലൊന്ന് മുട്ടയിട്ട് വിരിഞ്ഞുണ്ടായതാണ് ഈ പൂവൻ കോഴി.

വീട്ടുകാരുമായി വേഗത്തിൽ അടുക്കുന്ന പ്രകൃതക്കാരനായിരുന്നു പൂവൻ കോഴി. എല്ലാവരുടെയും അരുമ കുഞ്ഞായി വളരുന്നതിനിടെയാണ് അജ്ഞാത രോഗം വന്ന് തളർന്നു വീണത്. ആഴ്ചകൾക്കുശേഷം രോഗം ഭേദമായെങ്കിലും കാഴ്ച പൂർണമായും നഷ്ടപ്പെട്ടിരുന്നു. എന്നാൽ കൃഷ്ണപ്രസാദിനും ഭാര്യ ലതയ്ക്കും പൂവനെ കൊല്ലാൻ മനസു വന്നില്ല. അടുക്കളയിൽ കാർഡ് ബോർഡ് കൊണ്ട് കൂടൊരുക്കി അവർ ഭക്ഷണവും വെള്ളവും നൽകി വളർത്തി.

അതിനിടെയാണ് സുഹൃത്ത് ആറ് മാസം പ്രായമായ കാടക്കുഞ്ഞിനെയും നൽകുന്നത്. ഒരു പരീക്ഷണമെന്നോണം കാടക്കുഞ്ഞിനെ പൂവനൊപ്പം വളർത്തി. രണ്ടുപേരും വേഗത്തിൽ കൂട്ടായി. ഒരു ദിവസം പൂവനെയും കാടകുഞ്ഞിനെയും വേറെവേറെയാക്കിയെങ്കിലും അന്ന് മുഴുവൻ പൂവൻ പട്ടിണി കിടന്ന് പ്രതിഷേധിക്കുകയായിരുന്നു. ഒടുവിൽ ഒരുമിച്ചാക്കിയപ്പോഴാണ് ഭക്ഷണം കഴിച്ച് തുടങ്ങിയത്. രാത്രിയിൽ കാടക്കുഞ്ഞ് വന്നാലേ പൂവൻ കൂട്ടിൽ കയറൂ. എത്തിയില്ലെങ്കിൽ പുറത്ത് കാത്തിരിക്കും. ഭക്ഷണം കഴിക്കലും ഒരുമിച്ചാണ്. ഒരാൾ എത്തിയില്ലെങ്കിൽ മറ്റെയാൾ കഴിക്കില്ല. കാട കുഞ്ഞിന്റെ ശബ്ദം കുറച്ചുനേരത്തേക്ക് കേട്ടില്ലെങ്കിൽ പൂവൻ അസ്വസ്ഥനാകും. കാഴ്ചയില്ലാത്ത പൂവന് മുന്നിലെ തടസങ്ങൾ നീക്കി വഴി കാട്ടുന്നതും സ്വീറ്റി എന്ന കാടക്കുട്ടി തന്നെ. രണ്ടര വർഷമായി ഈ അപൂർവ ചങ്ങാത്തം.

30 വർഷത്തിലേറെ പ്രവാസ ജീവിതം നയിച്ച കൃഷ്ണപ്രസാദ് നാട്ടിലെത്തിയ ശേഷമാണ് വീടിന്റെ ടെറസിൽ കോഴി വളർത്തലും മത്സ്യകൃഷിയും ആരംഭിക്കുന്നത്. നോക്കി നടത്താൻ കൂട്ടായി ഭാര്യയും. മറ്റെല്ലാ തിരക്കിനിടയിലും സന്തോഷം നൽകുന്ന കാഴ്ചയാണ് പൂവന്റെയും കാടയുടെയും വേറിട്ട ജീവിതമെന്ന് ഇരുവരും പറയുന്നു. ഏക മകൾ നമിതയും ഭർത്താവ് ഷമ്മിയും പേരക്കുട്ടി സാത്വികയും പൂവന്റെയും കാടകുഞ്ഞിന്റെയും വലിയ ആരാധകരാണ്.