താമരശ്ശേരി: കുറഞ്ഞകാലംകൊണ്ട് തന്നെ ജനശ്രദ്ധ നേടിയിരിക്കുകയാണ് പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഈങ്ങാപ്പുഴയിൽ ആരംഭിച്ച കുടുംബശ്രീ ഷോപ്പീ. ജില്ലയിലെയും പുതുപ്പാടി പഞ്ചായത്തിലെയും കുടുംബശ്രീ അംഗങ്ങൾ തയ്യാറാക്കിയ വിവിധ ഉത്പന്നങ്ങൾ വളരെ വിലകുറവിലും ഗുണമേന്മയിലും ജനങ്ങൾക്ക് ലഭ്യമാണ്. നാടിന് നല്ലതും വിഷരഹിതവുമായ സാധനങ്ങളാണ് വിൽപനയ്ക്ക് തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ പുതുപ്പാടിയിലെ രണ്ട് ക്ഷിരോത്പാദക സൊസൈറ്റിയിൽ നിന്നുള്ള പാലും തൈരും ഇവിടെ ലഭിക്കും. നാടൻ കോഴിമുട്ട, തേൻ, അവിൽ, കൂവപൊടി, വിവിധ മസാലപൊടികൾ, അച്ചാറുകൾ, ജാം, നാപ്കിൻ പാഡ്, ഹാൻഡ് വാഷ്, ഡിഷ് വാഷ്, വിവിധ സോപ്പുകൾ, തുടങ്ങി ജനകീയ ഹോട്ടൽ തയ്യാറാക്കിയ പൊതിച്ചോറും ഇവിടെ വിപണനത്തിനായി തയ്യാറാക്കിയിട്ടുണ്ട്. പ്രവർത്തനം തുടങ്ങി രണ്ടു മാസം പിന്നിട്ടപ്പോൾ തന്നെ ദിവസേന നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്. ജില്ലയിലെ തന്നെ ആദ്യ യൂണിറ്റായ കുടുംബശ്രീ ഷോപ്പി കുടുംബശ്രീ മിഷന്റെ സഹായത്തോടെയാണ് ആരംഭിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. രാവിലെ 9 മണി മുതൽ. വൈകുന്നേരം 7 മണി വരെയാണ് പ്രവർത്തന സമയം.