കൽപ്പറ്റ: മഹാമാരിയുടെ കാലത്ത് ഒന്നര വർഷമായി ജില്ലയിൽ മുഴുവൻസമയ സേവനം ചെയ്ത കൊവിഡ് ബ്രിഗേഡുമാർ പടിയിറങ്ങുന്നു. ഡോക്ടർമാർ മുതൽ ക്ലീനിങ്ങ് സ്റ്റാഫുകൾ വരെയുള്ള 774 പേരാണ് കരാർ നിയമനത്തിന്റെ കാലാവധി കഴിഞ്ഞതോടെ സേവനം അവസാനിപ്പിക്കുന്നത്. ഇവർക്കെല്ലാം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക നന്ദി അറിയിച്ചു.
ജില്ലയുടെ കൊവിഡ് പ്രതിരോധത്തിൽ കൊവിഡ് ബ്രിഗേഡ്സിന്റെ സേവനം വിലപ്പെട്ടതായിരുന്നു. മഹാമാരി കടുത്ത ഭീഷണിയായപ്പോൾ അതിനെ ഫലപ്രദമായി പ്രതിരോധിക്കുക എന്നത് ശ്രമകരമായ ദൗത്യമായിരുന്നു. മുൻ അനുഭവങ്ങളോ മാതൃകകളോ ഇല്ലാത്ത ഈ ദൗത്യം വിജയത്തി ലെത്തിക്കാൻ കഴിഞ്ഞത് ഒരേ മനസ്സോടെയുള്ള അക്ഷീണമായ പ്രയത്നവും പങ്കാളിത്തവും സഹകരണവും കൊണ്ടാണെന്ന് ഡി.എം.ഒ പറഞ്ഞു.
കൊവിഡ് വ്യാപനത്തിന്റെ തുടക്കം മുതൽ ആരോഗ്യ വകുപ്പിനോടൊപ്പം ചേർന്ന് നിന്ന് രോഗ പ്രതിരോധത്തിനായി പ്രവർത്തിക്കാൻ ഇവർക്ക് കഴിഞ്ഞു. രോഗവ്യാപനതോത് കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ഇവർ ജോലിയിൽ നിന്ന് പിൻവാങ്ങുന്നത്. 115 പേർ ഈ ആഴ്ചയും ശേഷിക്കുന്നവർ ഈ മാസം അവസാനത്തോടെയും സേവനത്തിൽ നിന്ന് പടിയിറങ്ങും.