jj

കോഴിക്കോട്: ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ പരിചയപ്പെട്ടതാണ്. സംസാരിച്ച് ഇഷ്ടം കൂടിയപ്പോൾ കാറിൽ ഒന്നിച്ച് ഭാര്യയും മക്കളുമുണ്ടായിട്ടും കക്ഷിയ്ക്ക് ലിഫ്റ്റ് കൊടുക്കാൻ മടിച്ചില്ല കുടുംബനാഥൻ. വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച് പിന്നെ യാത്ര. അവിടെ കാറിലിരുന്ന് രണ്ടു വീശിയ ശേഷം മടങ്ങിയപ്പോഴേക്കും ചിത്രം മാറി. തർക്കം മുറുകിയപ്പോൾ കാറിൽ പിടിവലിയായി. വണ്ടി നിറുത്തിയതോടെ നാട്ടുകാർ ഇടപെട്ടു. ഒടുവിൽ പൊലീസ് സ്റ്റേഷനിൽ. പിന്നെ കുടുംബനാഥനും ഇൻസ്റ്റന്റ് ചങ്ങാതിയ്ക്കും അന്തിയുറക്കം അവിടെയായി. ഭാര്യയ്ക്കും മക്കൾക്കും അഭയകേന്ദ്രങ്ങളിലും കഴിയേണ്ടി വന്നു.

വിചിത്രമായ കൂട്ടുകെട്ടിന്റെ കഥയുടെ തുടക്കം കഴിഞ്ഞ ദിവസം രാമനാട്ടുകരയിലെ ഒരു റസ്റ്റോറന്റിൽ നിന്നാണ്. കുടുംബനാഥനും ഗർഭിണിയുമായ ഭാര്യയും 13 വയസ്സുള്ള പെൺകുട്ടിയും 9 വയസ്സുള്ള ആൺകുട്ടിയും ഒന്നിച്ച് നഗരത്തിലെ ഡോക്ടറെ കാണാൻ പേരാമ്പ്രയിൽ നിന്ന് എത്തിയതായിരുന്നു. ഡോക്ടറെ കാണിച്ചശേഷം ബന്ധുവീട്ടിൽ സന്ദർശനവും കഴിഞ്ഞാണ് ഭക്ഷണം കഴിക്കാൻ കയറിയത്. അടുപ്പത്തോടെ സംസാരിച്ച അപരിചിതനുമായി ചങ്ങാത്തം കൂടാൻ കുടുംബനാഥൻ ശങ്കിച്ചതേയില്ല. തുടർന്ന് അപരിചിതൻ ബേപ്പൂർ ബീച്ചിലെ പുലിമൂട്ട് കാണാൻ ക്ഷണിച്ചു. കുടുംബസമേതം ബീച്ചിൽ എത്തി. ഭാര്യയും മക്കളും ബീച്ചിന്റെ ഭംഗി ആസ്വദിക്കുന്നതിനിടയിൽ കുടുംബനാഥനും അപരിചിതനും കാറിൽ മദ്യപാനം തുടങ്ങി. ഭാര്യയും മക്കളും തിരിച്ചെത്തുമ്പോഴേക്കും രണ്ട് പേരും നല്ല ഡോസിലായി കഴിഞ്ഞിരുന്നു. മടക്കത്തിനിടെ മദ്യലഹരിയിൽ ഇരുവരും വാക്ക് തർക്കമായി. പിടിവലി കൂടിയായപ്പോൾ ഡ്രൈവറോട് കാർ നിറുത്താൻ പറഞ്ഞു. വട്ടക്കിണറിൽ വച്ച് കാറിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ച അപരിചിതനെ നാട്ടുകാർ തടഞ്ഞുവച്ച് പന്നിയങ്കര പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എല്ലാവരെയും ഒപ്പം കൂട്ടി. രാത്രിയായത്കൊണ്ട് ഭാര്യയെയും മക്കളെയും സഖി സെന്ററിലേക്കും ആൺകുട്ടിയെ ബോയ്സ് സെന്ററിലേക്കും മാറ്റി. കുടുംബനാഥനും അപരിചിതനും സ്റ്റേഷനിൽ നേരം വെള്ളുപ്പിച്ചു.

രാവിലെ രണ്ടു പേരുടെയും കെട്ടൊഴിഞ്ഞപ്പോൾ പെറ്റി കേസ് എടുത്ത് പൊലീസ് വിട്ടയക്കുകയായിരുന്നു. ആളും തരവും അറിയാതെ ലിഫ്‌റ്റ് കൊടുത്താലുള്ള ആപത്ത് കുടുംബനാഥനെ ഒന്നുകൂടി ഓർമ്മിപ്പിക്കാനും പൊലീസ് മറന്നില്ല.