സുൽത്തൻ ബത്തേരി: ബി.ജെ.പി വയനാട് ജില്ലാ കമ്മറ്റിക്ക് പുതിയ അദ്ധ്യക്ഷനെ പ്രഖ്യാപിച്ചതിനെ തുടർന്ന് പാർട്ടിക്കുള്ളിൽ ഉടലെടുത്ത പ്രതിഷേധവും രാജിയും തുടരുകയാണ്. എസ്.സി മോർച്ച ബത്തേരി മണ്ഡലം കമ്മറ്റിയാണ് ഇന്നലെ രാജിവെച്ചത്. പ്രസിഡന്റ് വിശ്വന്റെ നേതൃത്വത്തിലുള്ള ഏഴംഗ കമ്മറ്റിയാണ് പാർട്ടി സ്ഥാനങ്ങൾ ഒഴിഞ്ഞത്.
കഴിഞ്ഞ ദിവസം ബി.ജെ.പി ബത്തേരി നിയോജക മണ്ഡലം കമ്മറ്റിയും മഹിളമോർച്ച ജില്ലാ കമ്മറ്റിയും നേതൃമാറ്റത്തിൽ പ്രതിഷേധിച്ച് പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചിരുന്നു. ഇവരോട് അനുഭാവം പ്രകടിപ്പിച്ചാണ് എസ്.സി മോർച്ച കമ്മറ്റിയും രാജിവെച്ചത്. രാജിക്കത്ത് എസ്.സി മോർച്ച ജില്ലാ പ്രസിഡന്റിന് നൽകിയെങ്കിലും രാജി സ്വീകരിച്ചിട്ടില്ലെന്ന് പ്രസിഡന്റ് കെ.ആർ.ഷിനോജ് അറിയിച്ചു. അതേസമയം അച്ചടക്ക നടപടിയുടെ ഭാഗമായി നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റായിരുന്ന കെ.ബി.മദൻലാലിനെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ സസ്‌പെന്റ് ചെയ്തു. കെ.ബി.മദൻലാലിന്റെ നേതൃത്വത്തിൽ പതിമൂന്ന് അംഗ എക്സിക്യൂട്ടീവ് കമ്മറ്റി നേരത്തെ രാജിവച്ചിരുന്നു.