കോഴിക്കോട്: കോഴിക്കോട് കെ.എസ്.ആർ.ടി.സി കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണത്തിലും പാലാരിവട്ടം പാലം മോഡൽ അഴിമതി നടന്നിട്ടുണ്ടെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിർമ്മാണത്തിലെ അപാകത കാരണം കെട്ടിടസമുച്ചയത്തിന് കാര്യമായ ബലക്ഷയമുണ്ടെന്നാണ് ചെന്നൈ ഐ.ഐ.ടി വിദഗ്ദസംഘത്തിന്റെ പഠനത്തിലെ കണ്ടെത്തൽ. കെട്ടിടം അടിയന്തരമായി ബലപ്പെടുത്തണമെന്നും പഠനറിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ റിപ്പോർട്ട് പരസ്യമായി പ്രസിദ്ധപ്പെടുത്തണമെന്ന് സജീവൻ ആവശ്യപ്പെട്ടു.
ഈ അഴിമതിയിൽ രണ്ട് മുന്നണികൾക്കും പങ്കുണ്ട്. നേരത്തെ നിർമ്മാണം ബി.ഒ.ടി അടിസ്ഥാനത്തിലെന്നാണ് പറഞ്ഞത്. ഇപ്പോൾ അങ്ങനെയല്ലെന്ന് പറയുന്നു. നിർമ്മാണഘട്ടത്തിൽ തന്നെ കെട്ടിടവുമായി ബന്ധപ്പെട്ട പല ചോദ്യങ്ങളുമുയർന്നിരുന്നു. ഇത്രയും തുക ചെലവഴിച്ച് നിർമ്മിച്ച കെട്ടിടം എന്തിനാണ് മറ്റൊരു കമ്പനിയ്ക്ക് നടത്തിപ്പിന് കൊടുക്കുന്നത് എന്ന ചോദ്യവുമുയർന്നിരിക്കുകയാണ്.
ആവശ്യത്തിന് കമ്പിയും മറ്റ് നിർമ്മാണസാമഗ്രികളും ഉപയോഗിക്കാത്തതിനാലാണ് കെട്ടിടത്തിന് ബലക്ഷയമെന്നാണ് കണ്ടെത്തൽ. 30 കോടി രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയാലേ ഈ കെട്ടിടം ഉപയോഗിക്കാൻ കഴിയൂ. അതുവരെ കെ.എസ്.ആർ.ടി.സി ടെർമിനൽ അവിടെ നിന്നു മാറ്റേണ്ടിയും വരും. കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ പ്രതിക്കൂട്ടിലാകുന്ന അഴിമതി സംബന്ധിച്ച് ദേശീയ ഏജൻസി അന്വേഷിക്കണം.
വാർത്താസമ്മേളനത്തിൽ ജില്ല വൈസ് പ്രസിഡന്റ് അഡ്വ.കെ.വി. സുധീർ, യുവമോർച്ച ജില്ല പ്രസിഡന്റ് ടി. റനീഷ് എന്നിവരും സംബന്ധിച്ചു.