പുൽപ്പള്ളി: കൃഷിയിടത്തിലിറങ്ങിയ പുള്ളിമാനിനെ വേട്ടയാടിയ കേസ്സിൽ രണ്ട്‌ പേരെ വനംവകുപ്പ് അറസ്​റ്റ് ചെയ്തു. പുൽപ്പള്ളി ചാമപ്പാറ പൊയ്കയിൽ സുരേഷ്, തട്ടുപുരക്കൽ ദിനീഷ് എന്നിവരെയാണ് അറസ്​റ്റ് ചെയ്തതത്. ഈ മാസം 6 ന് ദിനീഷിന്റെ കൃഷിയിടത്തിലിറങ്ങിയ പുള്ളിമാനിനെ വേട്ടയാടുകയായിരുന്നു. ചെതലയം റെയിഞ്ചർ അബ്ദുൾ സമതിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ ദിനീഷിന്റെ വീട്ടിൽ നിന്ന് 10 കിലോയോളം ഉണക്കിയതും പാകം ചെയ്തതുമായ ഇറച്ചിയും മാനിനെ വെടിവയ്ക്കാൻ ഉപയോഗിച്ച നാടൻ തോക്കും കണ്ടെടുത്തു. ഇവർ ഉപയോഗിച്ച ജീപ്പും ബൈക്കും ഉൾപ്പെടെ പൊലീസ് കസ്​റ്റഡിയിലെടുത്തു. മാനിന്റെ തോലും മ​റ്റ് അവശിഷ്ടങ്ങളും പുഴയിൽ ഒഴുക്കി കളയുകയായിരുന്നു. പുൽപ്പള്ളി ഡപ്യൂട്ടി റെയിഞ്ചർ സുനിൽകുമാർ, ഫോറസ്​റ്റർ മണികണ്ഠൻ, അഖിൽ കൃഷ്ണൻ, ജാൻസി, ജിതേഷ്, ഇമ്മാനുവൽ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. ഇന്ന് കോടതിയിൽ ഹാജരാക്കും.