kunnamangalam-news
മുത്തശ്ശിമാവ്

കുന്ദമംഗലം: 'മാക്കൂട്ട'ത്തിന്റെ ഓർമ്മകൾ പേറുന്ന അവസാനത്തെ കണ്ണി; ദേശീയപാതയോരത്ത് ഐ.ഐ.എം ഗേറ്റിനടുത്തായി തലയെടുപ്പോടെ നിൽക്കുന്ന ഈ മുത്തശ്ശി മാവിന് നൂറ്റാണ്ടിലേറെ വരും പ്രായം.

കുന്ദമംഗലം അങ്ങാടിയ്ക്ക് പഴയകാലത്ത് പേര് 'മാക്കൂട്ട' മെന്നായിരുന്നു. പണ്ട് കാരന്തൂർ മുതൽ കുന്ദമംഗലം വരെ മുക്കം റോഡിലും വയനാട് റോഡിലും ദേശീയപാതയുടെ ഒരു ഭാഗത്ത് നിരനിരയായി വലിയ മാവുകളുണ്ടായിരുന്നു. അങ്ങനെയാണ് മാക്കൂട്ടമെന്ന പേരിന്റെ വരവ്.

ദേശീയപാത വികസനത്തിന്റെ ഭാഗമായി ഓവുചാൽ നിർമ്മാണത്തോടെ തന്നെ ഇവയിൽ മിക്കതും അപ്രത്യക്ഷമായി. പ്രായാധിക്യത്തിൽ വീണുപോയവയുമുണ്ട് കൂട്ടത്തിൽ. ഇപ്പോൾ മാക്കൂട്ടം എന്ന പേര് സ്വന്തമായുള്ളത് കുന്ദമംഗലത്തിനടുത്തുള്ള ചൂലാംവയലിലെ യു.പി സ്‌കൂളിന് മാത്രം.

വലിയ കുലകളിലായി കുഞ്ഞൻമാങ്ങകളുണ്ടാകുന്ന നാട്ടുമാവും മധുരം കിനിയുന്ന ഗോമാവുമായിരുന്നു മിക്കവയും. വാഹനങ്ങൾ നന്നേ കുറവുള്ള അക്കാലത്ത് റോഡരികിലെ മാവിൽ നിന്ന് മാങ്ങകൾ എറി‌ഞ്ഞ് വീഴ്ത്താൻ കുട്ടികൾ മാത്രമല്ല, മുതിർന്നവരും മത്സരിച്ചു. ഇനിയും ഓവുചാലോ ഫൂട്പാത്തോ കടന്നെത്താത്തതുകൊണ്ടുമാത്രം മുത്തശ്ശിമാവിന്റെ ആയുസ് നീട്ടിക്കിട്ടുകയായിരുന്നു. വലിയ ശിഖരങ്ങളൊക്കെ മുറിച്ചുമാറ്റിയെങ്കിലും എല്ലാ വർഷവും മുടങ്ങാതെ പൂക്കുകയും കായ്ക്കുകയും ചെയ്യാറുണ്ട്.

സ്വാതന്ത്ര്യസമര പോരാട്ടമുൾപ്പെടെ ഒട്ടനവധി പടപുറപ്പാടുകൾക്ക് സാക്ഷ്യം വഹിച്ച ഈ മുത്തശ്ശിമാവിനെ സംരക്ഷിച്ച് നിലനിറുത്താനുള്ള ശ്രമത്തിലാണ് കുന്ദമംഗലത്തെ പരിസ്ഥിതിപ്രവർത്തകർ.