news

കോഴിക്കോട്: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്താനായി രൂപം നൽകിയ 'നിർഭയം" അപ്ലിക്കേഷൻ സന്ദേശവുമായി നഗരത്തിൽ 21 കേന്ദ്രങ്ങളിൽ മാസ് കാമ്പയിൻ. ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്നതിനായി ലക്ഷ്യമിട്ടായിരുന്നു ഇത്.

സിറ്റി പൊലീസും കാലിക്കറ്റ് സർവകലാശാല മന:ശാസ്ത്ര വിഭാഗം വിദ്യാർത്ഥികളും ചേർന്നുള്ള മാസ് കാമ്പയിനിന്റെ ഭാഗമായി ഫ്ളാഷ് മോബും തെരുവുനാടകവും അരങ്ങേറി. വനിതാ പൊലീസും വിദ്യാർത്ഥികളും ചെറുസംഘങ്ങളായി തിരിഞ്ഞായിരുന്നു ബോധവത്കരണം.

ട്രാഫിക് കൺട്രോൾ റൂമിൽ ഒരുക്കിയ ബോധവത്ക്കരണവും പരിശീലനപരിപാടിയും സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സ്വപ്‌നിൽ എം മഹാരാജൻ ഉദ്ഘാടനം ചെയ്തു. സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ഉമേഷ്, സി പി ഒ ബിജു തുടങ്ങിയവർ പങ്കെടുത്തു.

 രക്ഷാകവചം

ഈ ആപ്പ്

സ്ത്രീ സുരക്ഷയ്‌ക്കായി കേരള പൊലീസിൻെറ നേതൃത്വത്തിൽ തയ്യാറാക്കിയതാണ് നിർഭയം മൊബൈൽ ആപ്പ്. ആപ്പിലെ ഹെൽപ്പ് ബട്ടൺ അഞ്ച് സെക്കൻഡ് അമർത്തിപ്പിടിച്ചാൽ ഫോൺ ഉപയോഗിക്കുന്ന ആളിന്റെ ലെക്കേഷൻ ഏറ്റവും അടുത്തുള്ള പൊലീസ് കൺട്രോൾ റൂമിലോ സ്റ്റേഷനിലോ ലഭിക്കും. ഇന്റർനെറ്റ് കവറേജ് ഇല്ലാതെ തന്നെ ഈ ആപ്പ് മുഖേന സന്ദേശങ്ങളും ലൊക്കേഷനും പൊലീസുമായി പങ്കു വയ്ക്കാം. മിനിറ്റുകൾക്കുള്ളിൽ പൊലീസ് സ്ഥലത്തെത്തും.

ഒരോ ജില്ലയ്ക്കും ഒരോ കൺട്രോൾ റൂമുകളുണ്ട്. നിർഭയം ആപ്പ് ഇൻസ്റ്റാൾ ചെയ്ത് മൊബൈൽ ഫോൺ വച്ച് ഒരാൾക്ക് ഏതു ജില്ലയിൽനിന്നും സഹായം അഭ്യർത്ഥിക്കാം. അതാത് ജില്ലയുടെ കൺട്രോൾ റൂമിലേക്ക് സന്ദേശം എത്തുംവിധമാണ് ആപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഫോട്ടോ, വീഡിയോ എന്നിവ ഒറ്റ ക്ലിക്കിലൂടെ എടുത്തയക്കാനുള്ള ക്രമീകരണവുമുണ്ട്. ശബ്ദ സന്ദേശം അയക്കാനുള്ള ശ്രമത്തിനിടെ അക്രമി ഫോൺ തട്ടിയെടുത്താലും സന്ദേശം കാൻസൽ ചെയ്യാനാകില്ല. തത്സമയം ലഭിക്കുന്ന ദൃശ്യങ്ങളും മറ്റും പൊലീസിന് തെളിവാകുകയും ചെയ്യും. ആൻഡ്രോയിഡ്, ഐ. ഒ .എസ്. പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്‌ നിർഭയം ആപ്പ്.