office
പഴയ കോർപറേഷൻ ഓഫീസ്

# വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കാൻ തീരുമാനം

കോഴിക്കോട്: നൂറ്റാണ്ടിന്റെ പഴക്കം പേറുന്ന കോഴിക്കോട് കോർപ്പറേഷൻ പഴയ ഓഫീസ് കെട്ടിടം ചരിത്രമ്യൂസിയമാക്കാനുളള നടപടികൾക്ക് തുടക്കമായി. കോർപ്പറേഷൻ കൗൺസിൽ തീരുമാനപ്രകാരം പുരാവസ്തു–മ്യൂസിയം വകുപ്പുമായി സഹകരിച്ചാണ് പഴയ ഓഫീസ് മ്യൂസിയമാക്കുന്നത്. പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ സാന്നിദ്ധ്യത്തിൽ മേയറുടെ ചേംബറിൽ നടന്ന യോഗത്തിൽ വിശദമായ പദ്ധതി രൂപരേഖ (ഡി.പി.ആർ) തയ്യാറാക്കാൻ തീരുമാനമായി. കെട്ടിടത്തിന്റെ കാലപ്പഴക്കവും ചരിത്ര പ്രാധാന്യവും കണക്കിലെടുത്ത് മ്യൂസിയമാക്കി മാറ്റുന്നതിന് മുന്നോടിയായി ചരിത്രകാരന്മാരുടെയും സാമൂഹ്യപ്രവർത്തകരുടെയും യോഗം വിളിച്ചു ചേർക്കം. നഗരത്തിലെ കോംട്രസ്റ്റ് കെട്ടിടം പൈതൃക സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. മേയർ ഡോ.ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി വി.വേണു , പുരാവസ്തു ഡയറക്ടർ ഇ.ദിനേശൻ, കേരള മ്യൂസിയം പ്രൊജക്ട് എൻജിനിയർ എം. മോഹനൻ, ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.ദിവാകരൻ, നഗരാസൂത്രണ സ്ഥിരം സമിതി ചെയർമാൻ കൃഷ്ണകുമാരി, പി.കെ നാസർ, കോർപ്പറേഷൻ സെക്രട്ടറി കെ.യു ബിനി, എക്‌സിക്യൂട്ടീവ് എൻജിനിയർ കെ.പി രമേഷ്, മുൻ മേയർ ടി.പി.ദാസൻ, മുൻ എം.എൽ.എ എ.പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.