nc
എൻ.സി കനാൽ ശുചീകരത്തിൽ കരയിൽ നിക്ഷേപിച്ച മണ്ണ് മഴയത്ത് ഒലിച്ചിറങ്ങിയ നിലയിൽ

വടകര: ആളും കോളും കൂട്ടി മാലിന്യ സംസ്കരണത്തിനും സംരക്ഷണത്തിനും ലക്ഷങ്ങൾ ചിലവഴിച്ച എൻ.സി കനാൽ നവീകരണം പൂർണ്ണമായില്ല. നിരവധി സംഘടനകളും ജനകീയ സമിതിയും സംഘടിച്ച തോട് ശുചീകരണത്തിന് സർക്കാരിൽ നിന്നും 80 (സ്റ്റേറ്റ് ഡിസേർസ് സ്പോൺസർ ഫണ്ട് )ലക്ഷം രൂപ ലഭിച്ചിരുന്നു. എന്നിട്ടും പണി ഏങ്ങുമെത്തിയില്ല.മഴക്കാലത്ത് തോടിന് സമീപത്തുകൂടി കാൽനട പോലും സാധ്യമല്ല.ശുചീകരണ യജ്ഞത്തിൽ പൂർത്തീകരിക്കപ്പെടാതെ കിടക്കുന്ന ഓർക്കാട്ടേരി എളങ്ങോളി പ്രദേശത്തെ വീടുകൾക്ക് മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണിയിലാണ്. കനാലിൽ നിന്നും ജെ.സി.ബി ഉപയോഗിച്ച് കോരിയെടുത്ത മണ്ണ് കരയിൽ തന്നെയാണ് നിക്ഷേപിച്ചിരിക്കുന്നത്. മഴ പെയ്യുന്നതോടെ ഇത് വീണ്ടും കനാലിലേക്ക്.ഇതോടെ കനാൽ പരിസരം ചെളിക്കളമായി വഴിനടക്കാനുമാവില്ല. വടകര 110 ഭാഗത്ത് ജെ.സി.ബി ആഴത്തിൽ മണ്ണ് കോരി കനാലിന്റെ കോൺക്രീറ്റ് കെട്ട് തകർന്നതും വാക്കു തർക്കങ്ങൾക്ക് ഇടയാക്കിയിരുന്നു.

എൻ.സി കനാൽ

9.7 കിലോമീറ്റർ നീളം വരുന്നതാണ് വടകര നടക്കു താഴ - ചോറോട് കനാൽ. വടകര നഗരസഭ, ചോറോട്, ഏറാമല പഞ്ചായത്തുകളിൽക്കൂടി ഒഴുകി മാഹിപ്പുഴയുടെ ഭാഗമായ കളിയാം വെള്ളി ഭാഗത്ത് ചേരും. മേമുണ്ട വലിയമലയിൽ നിന്നും ഒഴുകി എത്തുന്ന മഴവെള്ളം നടക്കുതാഴ ഭാഗത്ത് കെട്ടിക്കിടക്കുന്നത് ഒഴുക്കിവിടാൻ ഉണ്ടാക്കിയ തോടായിരുന്നു എൻ.സി കനാൽ എന്നാണ് പറയപ്പെടുന്നത്.

ശുചീകരണം പേരിലൊതുങ്ങി

ഒരു ഘട്ടത്തിൽ തോട്ടിലെ വെള്ളത്തിന് നിറവ്യത്യാസം സംഭവിച്ചത് വലിയ ചർച്ചയായി. തുടർന്ന് എൻ.സി കനാൽ സംരക്ഷണത്തിന് ശാശ്വത പരിഹാരം കാണാൻ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ജനകീയ സമിതികൾ ചേർന്ന് ശുചീകരിക്കുകയുണ്ടായി. ശാസ്ത്രസാഹിത്യ പരിഷത്തിനൊപ്പം 2019 ൽ പാഠശേഖര സമിതിയും ശുചീകരണത്തിൽ പങ്കാളികളായി. വടകര മുൻസിപ്പാലിറ്റി, ചോറോട്, ഏറാമല പഞ്ചായത്തുകൾ, വടകര ബ്ലോക്ക് പഞ്ചായത്ത് എന്നീ തദ്ദേശ സ്ഥാപനങ്ങളുടെയും പങ്കാളിത്വം ഉണ്ടായിരുന്നു.

മാറിയ സാഹചര്യത്തിൽ എൻ.സി കനാൽ സംരക്ഷിക്കാൻ സമഗ്രമായ പഠനം നടത്തേണ്ടതുണ്ടെന്നും കനാൽ ജലം കൃഷി ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താൻ പാകത്തിൽ ഇതിൽ മുൻകാലങ്ങളിലെ പോലെ തടയണകൾ പണിയേണ്ടതുണ്ടെന്നും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തവരിൽ നിന്നും അഭിപ്രായമുയരുന്നു.

 ''കനാലിൽ ചെളിയും മാലിന്യങ്ങളും നീക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. കനാലിൽ നിന്നും എടുക്കുന്ന മണ്ണ് ദൂരദിക്കിലേക്ക് കൊണ്ടു പോകുവാൻ അനുവാദമില്ല. അതിനാൽ സർക്കാർ ഭൂമിയിൽ തന്നെ നിക്ഷേപിക്കുകയാണ്. 8 കിലോമീറ്ററിൽ 1. 300 കിലോമീറ്റർ ഭാഗമാണ് ശുചീകരണത്തിന് ബാക്കിയായിട്ടുള്ളത്. കനാൽ സമഗ്ര നിർമ്മാണ പ്രവർത്തനത്തിനായി എസ്റ്റിമേറ്റ് നല്കിയിട്ടുണ്ട്.ഇൻവെസ്റ്റിഗേഷൻ ഫണ്ടിനു വേണ്ടി 8 ലക്ഷം രൂപയുടെ അനുമതിക്കായി ചീഫ് എൻജിനിയറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വത്സരാജ്

അസിസ്റ്റന്റ് എൻജിനീയർ

ഇറിഗേഷൻ വകുപ്പ്

ശുചീകരണത്തിന് അനുവദിച്ചത് 80ലക്ഷം

1.3 കിലോമീറ്റർ ശുചീകരിക്കാൻ ഉണ്ട്