കോഴിക്കോട്: വൈദ്യുതി ഉത്പ്പാദനത്തിന് സോളാറിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. വൈദ്യുതി തൂണുകളിൽ ഘടിപ്പിക്കുന്ന പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വീട്ടിലും പുരപ്പുറ സോളാർ വെക്കാനുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുകയാണ്. വീട്ടാവശ്യത്തിന് ശേഷം ബാക്കി വരുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് വിൽക്കുമ്പോൾ ലഭിക്കുന്ന ചെറിയ വരുമാനം കുടുംബത്തിന് ആശ്വാസമാവും. സംസ്ഥാനത്തൊട്ടാകെ ഇ-ഓട്ടോറിക്ഷ പദ്ധതി നടപ്പിലാക്കാൻ ആലോചനയുണ്ട്. ഇതിന് സഹായകരമായി ചുരുങ്ങിയ പലിശയ്ക്ക് വായ്പ നൽകാമെന്ന് കേരള ബാങ്ക് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. 250 രൂപ ദിവസവും അടച്ചാൽ മൂന്ന് ലക്ഷത്തിന്റെ ഓട്ടോറിക്ഷ വാങ്ങാൻ പ്രയാസമുണ്ടാവില്ല. മൂന്നു വർഷത്തിനകം വായ്പ അടച്ചു തീർക്കാനാകുമെന്നും മന്ത്രി പറഞ്ഞു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആദ്യ ചാർജിംഗ് സ്റ്റേഷൻ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി മലിനീകരണ ലഘൂകരണത്തിനും ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനും ഇ- ഓട്ടോറിക്ഷാ പദ്ധതി പ്രയോജനപ്പെടുമെന്ന് മന്ത്രി റിയാസ് പറഞ്ഞു. നഗരത്തിലെ പത്ത് കേന്ദ്രങ്ങളിലാണ് കെ.എസ്.ഇ.ബിയുടെ പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചത്. സരോവരം ബയോപാർക്കിനു സമീപം, എരഞ്ഞിപ്പാലം, വാണിജ്യനികുതി ഓഫീസ് പരിസരം, ചെറൂട്ടി നഗർ ജംഗ്ഷൻ, മുത്തപ്പൻകാവ്, മൂന്നാലിങ്കലിനു സമീപം, ശാസ്ത്രീ നഗർ, വെള്ളയിൽ ഹാർബർ പ്രവേശന കവാടം, കസ്റ്റംസ് ക്വാർട്ടേഴ്സ് പരിസരം, മേയർ ഭവൻ പരിസരം എന്നിവിടങ്ങളിലാണ് ചാർജിംഗ് പോയിന്റുകൾ ഒരുക്കിയത്. മൊബൈൽ ആപ്പ് വഴി പണം അടയ്ക്കാൻ പറ്റുന്ന രീതിയിലാണ് സംവിധാനം. കുറഞ്ഞ പ്രീപെയ്ഡ് വാലറ്റ് നിരക്ക് 100 രൂപയാണ്. ഒരു തവണ ഫുൾ ചാർജ് ചെയ്യുമ്പോൾ 70 രൂപ മൊബൈൽ ഫോൺ വഴി അടയ്ക്കാം. സ്റ്റാർട്ടപ്പ് കമ്പനിയായ ചാർജ് മോഡുമായി ചേർന്നാണ് കെ.എസ്.ഇ.ബി പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട്ടാണ് പദ്ധതിക്ക് തുടക്കമായിരിക്കുന്നത്. കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ നടന്ന ചടങ്ങിൽ കോർപ്പറേഷൻ കൗൺസിലർമാരായ റംലത്ത്, പ്രവീൺകുമാർ , സോഫിയ അനീഷ്, ടി.വി ബാലൻ, എസ്.കെ അബൂബക്കർ, കെ.അനിൽകുമാർ , വൈദ്യുതി ബോർഡ് ചെയർമാൻ ഡോ.ബി.അശോക്, ഡെപ്യൂട്ടി ചീഫ് എൻജിനിയർ ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു.