കൊയിലാണ്ടി: സ്‌പോർട്സ് കൗൺസിലിന്റെ കറവപ്പശുവായി കൊയിലാണ്ടി സ്റ്റേഡിയം മാറിയിട്ട് കാലമേറെയായി. വാടക ഇനത്തിൽ ലക്ഷങ്ങൾ സ്‌പോർട്സ് കൗൺസിലിന് മാസം തോറും ലഭിക്കുന്നുണ്ടെങ്കിലും അതിന്റെ മോടി ഒന്നും സ്റ്റേഡിയത്തിനില്ല.
സ്വകാര്യസംഘടനകളുടെ നേതൃത്വത്തിൽ ഫുഡ്ബാൾ പരിശീലനങ്ങളും മത്സരങ്ങളും നടക്കുന്നുണ്ടെങ്കിലും ആവശ്യമായ വിശ്രമമുറി, ടോയ്ലറ്റ്, വെള്ളം, ഡ്രസിംഗ് റൂം തുടങ്ങിയ സൗകര്യങ്ങളൊന്നും സ്റ്റേഡിയത്തിൽ ഇല്ല. ടാർപോളിൻ വലിച്ച് കെട്ടിയാണ് ടോയ്ലറ്റ് തുടങ്ങിയ സംവിധാനങ്ങൾ താത്ക്കാലികമായി ഉണ്ടാക്കുക. ഗ്രൗണ്ട് മാൻ ഇല്ലാത്തതുകൊണ്ടുത്തന്നെ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യവും ഉണ്ട്. സജീവമല്ലാത്തതുകൊണ്ട് കാടുപിടിച്ച് കിടക്കുകയാണ് മൈതാനം.
സ്റ്റേഡിയത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഇരുനിലകളിലായി 42 മുറികളും വടകയ്ക്ക് കൊടുത്തിരിക്കുകയാണ്. കിഴക്ക് ഭാഗം നഗരസഭ വാടകയ്ക്ക് എടുത്ത് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസാക്കി മാറ്റി. അവശേഷിച്ച മുറികൾ പഴയ ബസ് സ്റ്റാൻഡ് പൊളിച്ചപ്പോൾ കച്ചവടക്കാർക്കും നല്കി. സ്റ്റേഡിയം കാർണിവൽ ഷോ, രാഷ്ട്രീയ പരിപാടികൾ, പൊതു യോഗം തുടങ്ങിയവയ്ക്ക് നല്കിയും വരുമാനമുണ്ട്. എന്നാൽ കായിക രംഗത്തിന്റേയും സ്റ്റേഡിയത്തിന്റേയും ഫുടുബോളിന്റേയും വളർച്ചയ്ക്ക് നയാപൈസ ചെലവഴിക്കാറില്ല എന്നാണ് കായികപ്രേമികൾ പറയുന്നത്.
സ്റ്റേഡിയം കാർണിവൽ ഷോയ്ക്ക് കൊടുക്കുന്നതിനെതിരെ സി.പിഎം അനുകൂല കലാസമിതി പ്രത്യക്ഷ സമരം സമരം നടത്തിയിരുന്നു. ദേശീയതലത്തിൽ വിവിധ ഫുട്ബോൾ ക്ലബ്ബുകളിൽ കളിച്ച നാട്ടുകാരായ ഋഷി ദാസ് കല്ലാട്ട്, സർവീസസ് കണാര , തുടങ്ങിയവർ പരിശീലനം നടത്തിയത് ഈ മൈതാനത്തിലായിരുന്നു. മൈതാനം വികസനമുരടിപ്പിലായതോടെ കളിക്കാരും ഇല്ലാതായി, പ്രതിഭകളും.
റവന്യൂ വകുപ്പിന്റെ കൈവശമായിരുന്ന ഗവ. ബോയ്സ് ഹൈസ്‌കൂൾ മൈതാനം 1999ലാണ് സ്‌പോർട്സ് കൗൺസിൽ 25 വർഷത്തേക്ക് വാടകയ്ക്ക് എടുക്കുന്നത്. കരാർ വ്യവസ്ഥയിൽ ഫുട്ബോളിന്റെ സമഗ്ര വികസനമാണ് പ്രധാനമായും ലക്ഷ്യം വെച്ചത്. 2024 ൽ കരാർ അവസാനിക്കുകയാണ്. കലാവധി കഴിയുമ്പോൾ സ്റ്റേഡിയം ഏറ്റെടുക്കാൻ നഗരസഭയ്ക്ക് താത്പര്യമുണ്ടെന്നും അഭിപ്രായമുയർന്നിട്ടുണ്ട്.
'' കരാർ നീട്ടി കിട്ടാൻ മുഖ്യമന്ത്രിയുമായി സംസാരിക്കും. സ്റ്റേഡിയത്തിന്റെ വികസനത്തിനായി കൊയിലാണ്ടിയിലെ ഫുട്‌ബോൾ പ്രേമികളുമായി സംസാരിച്ച് പുതിയ പദ്ധതികൾ ആവിഷ്‌ക്കരിക്കും. ഒ. രാജഗോപാൽ, പ്രസിഡന്റ്, സ്‌പോർട്സ് കൗൺസിൽ
'' വരുന്ന 5 വർഷത്തിനുള്ളിൽ കൊയിലാണ്ടിയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളിൽ മൈതാനം പ്രധാന വിഷയമാണ്. കാനത്തിൽ ജമീല, എം.എൽ.എ
ആവശ്യമായവ
വിശ്രമമുറി, ടോയ്ലറ്റ്, വെള്ളം, ഡ്രസിംഗ് റൂം