സുൽത്താൻ ബത്തേരി: പഴൂർ ചന്ദന കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവവുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന വനം വകുപ്പ് ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്ത് അന്വേഷണം നടത്തണമെന്ന് ആക്‌ഷൻ കമ്മറ്റി ഭാരവാഹികൾ വർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ചന്ദന മരം മുറിച്ച കേസുമായി ബന്ധപ്പെട്ട് കാടൻകൊല്ലി കോളനിയിലെ സുഭാഷിനെ പ്രതിയാക്കുന്നതിന് വേണ്ടി വനം വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ തനിക്ക് രണ്ടായിരം രൂപ വാഗ്ദാനം ചെയ്ത് ചെയ്യിച്ചതാണെന്ന് കേസിൽ പിന്നീട് പിടിയിലായ ഞണ്ടൻകൊല്ലി കോളനിയിലെ കുട്ടൻ മൊഴി നൽകിയിരുന്നു. സുഭാഷിന്റെ ജീപ്പിൽ നിന്ന് ചന്ദനമരം കണ്ടെത്തിയതോടെ സുഭാഷിനെ പ്രതിയാക്കി വനം വകുപ്പ് ആദ്യം അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് വിട്ടയച്ചത്. യഥാർത്ഥ പ്രതി പിടിയിലായതോടെയാണ് വനം വകുപ്പുകാരനും സംഭവത്തിൽ പങ്കുള്ളതായി സൂചന ലഭിച്ചത്.
ചന്ദനം മുറിച്ച് കൊണ്ടുവന്ന് കാടൻകൊല്ലി കോളനിയിലെ സുഭാഷിന്റെ വാഹനത്തിൽ വെയ്ക്കുന്നതിന് 2000 രൂപ ആരോപണ വിധേയനായ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ വാഗ്ദാനം ചെയ്തതായും ഇതിൽ 500 രൂപ നൽകിയതായുമാണ് കുട്ടൻ മൊഴി നൽകിയിരിക്കുന്നത്. കുട്ടന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആക്‌ഷൻ കമ്മറ്റി ഉദ്യോഗസ്ഥനെതിരെ രംഗത്തെത്തിയത്. കാട് കാത്തുസംരക്ഷിക്കേണ്ട വനപാലകർ തന്നെ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ കാട് നശിപ്പിക്കാൻ ശ്രമിക്കുന്നത് ശരിയായ നടപടിയല്ല. വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി വനം വകുപ്പ് മന്ത്രി, പട്ടിക ജാതി വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ഡി.എഫ്.ഒ തുടങ്ങിയവർക്ക് ആക്‌ഷൻ കമ്മറ്റി പരാതി നൽകി
വനം വകുപ്പ് ജീവനക്കാരനെതിരെ നടപടി സ്വീകരിച്ചില്ലങ്കിൽ വനം വകുപ്പിന്റെ ഓഫീസുകൾ ഉപരോധിച്ചുകൊണ്ടുള്ള ശക്തമായ സമരപരിപാടി ആരംഭിക്കുമെന്ന് ആക്‌ഷൻ കമ്മറ്റി ചെയർമാൻ ടി.എം.നളരാജൻ, കൺവീനർ ചന്തു, ഒ.എ.രാമകൃഷ്ണൻ എന്നിവർ പറഞ്ഞു.
വ്യക്തി വൈരാഗ്യമെന്ന് വനപാലകൻ
സുൽത്താൻ ബത്തേരി: വ്യക്തി വൈരാഗ്യമാണ് തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നിലെന്ന് പഴൂർ ചന്ദന കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ വനപാലകൻ പറഞ്ഞു. ചാരായം പിടികൂടിയതുമായി ബന്ധപ്പെട്ട് ചിലർക്കെതിരെ നടപടി സ്വീകരിച്ചതിന്റെ പേരിലുള്ള വൈരാഗ്യമാണ് ആരോപണത്തിന് പിന്നിൽ. ഇതിനു പുറമെ രാഷ്ട്രീയ ഇടപെടലുമുണ്ടെന്ന് വനപാലകൻ പറഞ്ഞു.