kunnamangalam-news
പെരിങ്ങൊളത്തെ വേലായുധൻമാർ

കുന്ദമംഗലം: പെരിങ്ങൊളം അങ്ങാടിയിൽ വേറിട്ടൊരു കാഴ്ചയുണ്ടെന്നും. വൈകുന്നേരമായാൽ നാൽവർ സംഘമെത്തും, എല്ലാവരും വേലായുധൻമാർ !.

വർഷങ്ങളുടെ പഴക്കമുണ്ട് ഈ സൗഹൃദത്തിന്. എന്നാൽ ഒരേ പേരുകാരായത് യാദൃശ്ചികം. 58കാരനായ നുറുങ്ങേരികരി പറമ്പത്ത് വേലായുധനും 56കാരനായ കുറ്റിവയൽ വേലായുധനും 63കാരനായ പുതിയോട്ടിൽ വേലായുധനും കൂലിപ്പണിക്കാരും കർഷകരുമാണ്. 47കാരനായ കൊട്ടയോട് വിരിപ്പിൽ വേലായുധനാകട്ടെ സൗണ്ട് ഓപ്പറേറ്ററും. പണികഴിഞ്ഞ് വീട്ടിലെത്തി കുളിച്ച് നേരെ അങ്ങാടിയിലെത്തും. കുടുംബകാര്യങ്ങളിൽ നിന്നായിരിക്കും പലപ്പോഴും സംസാരം തുടങ്ങുക. മടങ്ങാൻ നേരമാകുമ്പോഴേക്കും രാഷ്ട്രീയവും പരിസ്ഥിതിയും കൊവിഡുമെല്ലാം ഇവർ ചർച്ച ചെയ്തിരിക്കും. കൊവിഡിന്റെ നീണ്ട ഇടവേളയ്ക്കുശേഷമാണ് വീണ്ടും വേലായുധൻമാർ അങ്ങാടിയിൽ ഒത്തുകൂടുന്നത്. ഈ വേലായുധ സംഗമം പെരിങ്ങൊളത്തുകാർക്ക് കൗതുകമാണ്. ഇനിയും ഒട്ടേറെ വേലായുധൻമാർ ഇവിടെയുണ്ടെന്ന് ഇവർ പറയുന്നു. അതിനാൽ ഇവരുമായി അടുപ്പമുള്ള പെരിങ്ങൊളത്തെ സാംസ്കാരിക പ്രവർത്തകർ മുഴുവൻ വേലായുധൻമാരുടെയും സംഗമം നടത്താനുളള തയ്യാറെടുപ്പിലാണ്.