കൽപറ്റ: വയനാട് കലക്ടറേറ്റ് പടിക്കൽ കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ സമരപ്പന്തൽ സുപ്രീം കോടതി അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ അഡ്വ. പ്രശാന്ത് ഭൂഷൺ സന്ദർശിച്ചു. ദേശീയ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന് സംയുക്ത കിസാൻ മോർച്ച ജില്ലാ ഘടകം കൈനാട്ടി വ്യാപാര ഭവനിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം ഇന്നലെ ഉച്ചയ്ക്ക് 12നാണ് സമരപ്പന്തലിലെത്തിയത്. സംയുക്ത കിസാൻ മോർച്ച ദക്ഷിണേന്ത്യൻ കോ ഓർഡിനേറ്റർ പി.ടി.ജോൺ, സ്വരാജ് അഭിയാൻ നാഷണൽ സ്റ്റിയറിംഗ് കമ്മിറ്റിയംഗം കെ.വിശ്വംഭരൻ എന്നിവർ കൂടെ ഉണ്ടായിരുന്നു. രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ജോൺ ജോസഫ്, കാഞ്ഞിരത്തിനാൽ ഭൂസമര സഹായ സമിതി ഭാരവാഹികളായ പി.പി.ഷൈജൽ, ലത്തീഫ് മാടായി, കാഞ്ഞിരത്തിനാൽ കുടുംബാംഗങ്ങളായ ജയിംസ്, ഭാര്യ ട്രീസ, മക്കളായ വിബിൻ, നിധിൻ എന്നിവർ പന്തൽ പരിസരത്ത് പ്രശാന്ത് ഭൂഷണെനെ സ്വീകരിച്ചു.
നാലു പതിറ്റാണ്ടിലധികമായി കുടുംബം നേരിടുന്ന നീതിനിഷേധവും 2015 ഓഗസ്റ്റ് 15ന് കലക്ടറേറ്റ് പടിക്കൽ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങാനിടയായ സാഹചര്യവും ജയിംസ് വിശദീകരിച്ചത് പി.ടി.ജോണും അഡ്വ.ജോൺ ജോസഫും ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി നൽകി. അര മണിക്കൂറോളം പന്തലിൽ ചെലവഴിച്ച പ്രശാന്ത് ഭൂഷൻ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളുടെയും അന്വേഷണ റിപ്പോർട്ടുകളുടെയും പകർപ്പ് വാങ്ങി. കുടുംബത്തിന് നിയമസഹായം ലഭ്യമാക്കുന്ന കാര്യത്തിൽ രേഖകൾ പരിശോധിച്ചശേഷം തീരുമാനമെടുക്കുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു.