basheer

# ഒന്നാംഘട്ട പ്രവൃത്തി ജൂലായ് 5നകം പൂർത്തിയാക്കും

കോഴിക്കോട്: മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മയ്ക്കായി ബേപ്പൂരിൽ സ്ഥാപിക്കുന്ന മ്യൂസിയത്തിന് ജീവൻ വയ്ക്കുന്നു. ലിറ്ററേച്ചർ സർക്യൂട്ടിന്റെ പ്രാഥമിക പ്രൊജക്ടായാണ് മ്യൂസിയം നിർമ്മിക്കാനൊരുങ്ങുന്നത്. ബേപ്പൂരിന്റെ മുഖച്ഛായ മാറ്റുന്നതിന് തുടക്കമിട്ട 'ആകാശ മിഠായി' പദ്ധതിയുടെ ഭാഗമായാണ് മ്യൂസിയം ഉയരുക.

പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സാന്നിദ്ധ്യത്തിൽ കളക്ടറുടെ ചേമ്പറിൽ നടന്ന ഉന്നതതല യോഗത്തിൽ ബഷീറിന്റെ ചരമദിനമായ ജൂലായ് അഞ്ചിന് ബഷീർ മ്യൂസിയത്തിന്റെ ഒന്നാംഘട്ട പ്രവൃത്തി പൂർത്തിയാക്കാൻ തീരുമാനമായി. 2006ലാണ് ബഷീറിന് സ്മാരകം പണിയാൻ സർക്കാർ തീരുമാനിച്ചത്. ഇത്ര കാലമായിട്ടും ഉചിതമായ സ്മാരകം പണിയാൻ കഴിഞ്ഞില്ലെങ്കിൽ കാലത്തോട് മറുപടി പറയേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.
കളക്ടർ, ടൂറിസം ഡയറക്ടർ, പ്രൊജക്ട് ആർക്കിടെക്ട്, കോർപറേഷൻ സെക്രട്ടറി, കോർപറേഷൻ എക്‌സി.എൻജിനിയർ എന്നിവരടങ്ങുന്ന ഉന്നതതല കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ക്രോഡീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

വൈക്കം മുഹമ്മദ് ബഷീർ സ്മാരകം യാഥാർഥ്യമാകുമ്പോൾ സാഹിത്യ കുതുകികൾക്കും കലാകാരൻമാർക്കും പ്രദേശവാസികൾക്കും വിദ്യാർഥികൾക്കും ഇടപഴകാനും സാഹിത്യസംവാദങ്ങൾ സംഘടിപ്പിക്കാനുമുള്ള സാധ്യതകളാണ് ഒരുങ്ങുക. കോർപ്പറേഷനും വിനോദ സഞ്ചാര വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

കമ്യൂണിറ്റി സെന്റർ, ആംഫി തിയറ്റർ, കൾച്ചറൽ സെന്റർ, ബഷീർ ആർക്കൈവ്‌സ്, റിസർച്ച് സെന്റർ, ഓഡിയോ വിഷ്വൽ സ്റ്റുഡിയോ,ആർട്ട് റെസിഡൻസി സൗകര്യം, അക്ഷരത്തോട്ടം, വാർത്താ മതിൽ എന്നിവ ബഷീർ സ്മാരകത്തിലുണ്ടാവും. ബഷീർ കഥാപാത്രങ്ങളാണ് ചുറ്റുമതിലിൽ നിറയുക. ചൂണ്ടുപലകകളും ബഷീർ കഥാപാത്രങ്ങൾ ആയിരിക്കും.

ബേപ്പൂർ ബിസി റോഡിൽ ഒരേക്കർ സ്ഥലത്താണ് വൈക്കം മുഹമ്മദ് ബഷീർ സ്മാരകം പണിയുന്നത്. സ്‌പേസ് ആർട്ട് ഡയറക്ടർ വിനോദ് സിറിയക്, പ്രൊജക്ട് ആർക്കിടെക്ട് നമിത ചെറിയാൻ പ്രൊജക്ട് വിശദീകരിച്ചു.കോർപ്പറേഷൻ ഡപ്യൂട്ടി മേയർ സി.പി മുസാഫിർ അഹമ്മദ്, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു, ടൂറിസം ഡയറക്ടർ കൃഷ്ണ തേജ, ജില്ലാ കളക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി, വിനോദ സഞ്ചാര ജോയിന്റ് ഡയറക്ടർ സി.എൻ. അനിതകുമാരി, വിനോദസഞ്ചാര ഡെപ്യൂട്ടി ഡയറക്ടർ ടി.സി വിനോദ്, ഡി.ടി.പി.സി സെക്രട്ടറി സി.പി. ബീന തുടങ്ങിയവർ പങ്കെടുത്തു.