കൽപ്പറ്റ: ബത്തേരിയിൽ തിരഞ്ഞെടുപ്പിന് ബി.ജെ.പി മൂന്നരക്കോടി രൂപ എത്തിച്ചത് സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് സി.പി.എം ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. 17 ലക്ഷം രൂപ ചെലവാക്കിയതിന്റെ കണക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടുള്ളത്. അതേസമയം ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ ജില്ലാ പ്രസിഡന്റിന് കൊടുത്തത് മൂന്നരക്കോടിയുടെ കണക്കാണ്. ഇത് നഗ്നമായ തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്. പണം ഒഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കുന്ന ബി.ജെ.പിയുടെ ഉത്തരേന്ത്യൻ രീതിയുടെ പരീക്ഷണശാലയാക്കി ബത്തേരിയെ മാറ്റി എന്നതിന്റെ തെളിവുകളാണ് പുറത്ത് വന്നത്. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ വോട്ട് വിഹിതം ബി.ജെ.പിക്ക് കുറഞ്ഞു. ബി.ജെ.പിയുമായി ചേർന്ന് വോട്ട് കച്ചവടം നടത്തിയാണ് ബത്തേിരിയിൽ ഐ സി ബാലകൃഷ്ണൻ വിജയിച്ചതെന്ന മുൻ കെ.പി.സി.സി എക്സിക്യൂട്ടീവംഗം പി.വി.ബാലചന്ദ്രന്റെ വെളിപ്പെടുത്തലും ഈ സാഹചര്യത്തിൽ അന്വേഷണത്തിന് വിധേയമാക്കണം. തിരഞ്ഞെടുപ്പ് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുക്കണം. സി.കെ.ജാനുവിനെ മത്സരിപ്പിക്കാൻ കോഴ നൽകിയെന്ന കേസ് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക കേസ് രജിസ്റ്റർ ചെയ്ത് ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും സി.പി.എം ആവശ്യപ്പെട്ടു.