കൽപ്പറ്റ: ബി.ജെ.പി ജില്ലാ അദ്ധ്യക്ഷനായി കെ.പി.മധു ചുമതലയേറ്റു. കൽപ്പറ്റ മാരാർജി ഭവനിൽ നടന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജൻ ഉദ്ഘാടനം ചെയ്തു.
വയനാട്ടിലെ സാധാരണക്കാരന്റെ സ്ഥിതി വളരെ ദയനീയമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബി.ജെ.പി ഉത്തര മേഖലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രൻ പറഞ്ഞു. ഗതാഗത സൗകര്യമില്ലാത്ത, വികസനം എത്താത്ത വയനാട്ടിലെ ജനതയെ കൈപിടിച്ചുയർത്താൻ ബിജെപിക്ക് കഴിയണം. അമേഠിയിലെ ജനങ്ങൾക്ക് വകതിരിവ് വന്നപ്പോൾ കോൺഗ്രസിന്റെ കുറ്റിച്ചൂല് പോലും ജയിച്ചിരുന്ന അവിടെ നിന്ന് രാഹുലിനെ കെട്ട് കെട്ടിച്ചു. ആ വകതിരിവ് വരാത്ത ജില്ലയായി വയനാട് എന്നും അദ്ദേഹം പറഞ്ഞു.
നഞ്ചൻകോട് റെയിൽവേ, രാത്രി യാത്രാ നിരോധനം, വന്യമൃഗശല്യം, ചുരം ഗതാഗത തടസം തുടങ്ങിയ ജനകീയ വിഷയങ്ങൾ ബിജെപി ഉയർത്തുമെന്ന് കെ.പി.മധു പറഞ്ഞു. സജി ശങ്കർ അദ്ധ്യക്ഷത വഹിച്ചു. ദേശീയസമിതി അംഗം പി.സി.മോഹനൻ, സംസ്ഥാന സമിതി അംഗങ്ങളായ വി.മോഹനൻ, ഇ.പി.ശിവദാസൻ, ഉത്തരമേഖല ജനറൽ സെക്രട്ടറി കെ.സദാനന്ദൻ, എസ്ടി മോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറ, ജില്ലാ വൈസ് പ്രസിഡന്റ് പി.ജി.ആനന്ദകുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.മോഹൻദാസ്, പ്രശാന്ത് മലവയൽ തുടങ്ങിയവർ പങ്കെടുത്തു.