ksrtc

കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതോടെ ബസ് സ്റ്റാൻഡ് മാറ്റാൻ നീക്കം തുടങ്ങി. താത്ക്കാലിക ബസ് സ്റ്രാൻഡായി പ്രവർത്തിച്ച മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലേക്കോ പാവങ്ങാടേക്കോ കെ.എസ്.ആർ.ടി.സി മാറ്റാനാണ് സാദ്ധ്യത. ചെന്നൈ ഐ.ഐ.ടിയാണ് ടെർമിനലിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയത്. ഇത് പരിഹരിക്കാൻ 20 കോടിയോളം രൂപ ചെലവ് വരുമെന്നാണ് വിലയിരുത്തൽ. ബസ് സർവീസ് നടത്താൻ പോലും സാധിക്കില്ലെന്നാണ് ഐ.ഐ.ടി സംഘം നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

അണ്ടർഗ്രൗണ്ടിലുളള രണ്ട് നിലകളിലെ തൂണുകളുടെ രൂപകൽപ്പനയിലടക്കം പിഴവുണ്ടെന്നാണ് വിദഗ്ദ്ധ സംഘം വ്യക്തമാക്കിയത്. ആവശ്യത്തിന് കമ്പി ഉപയോഗിക്കാതെയാണ് തൂണുകളുടെ നിർമാണമെന്നും പറയുന്നു. അപാകതയുടെ ഗൗരവം കണക്കിലെടുത്ത് ഐ.ഐ.ടിയുടെ മേൽനോട്ടത്തിൽ തന്നെ കെട്ടിടം ബലപ്പെടുത്താനാണ് സർക്കാർ ശ്രമം. അങ്ങനെയെങ്കിൽ പ്രവൃത്തി ഐ.ഐ.ടി നിർദ്ദേശിക്കുന്ന ഏജൻസിക്ക് നൽകും. കെട്ടിട നിർമ്മാണത്തിന് ചെലവിട്ടതിന്റെ നാലിലൊന്ന് തുക ബലപ്പെടുത്താൻ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. ടെർമിനൽ ബലപ്പെടുത്തിയ ശേഷമായിരിക്കും കെട്ടിടം വാടകയ്ക്കെടുത്ത അലിഫ് ബിൽഡേഴ്‌സിന് വിട്ടുനൽകുക. ബലക്ഷയം പരിഹരിക്കാൻ വരുന്ന ചെലവുകൾ കെ.ടി.ഡി.എഫ്‌.സി വഹിക്കേണ്ടി വരുമെന്ന് നേരത്തെ ഗതാഗതമന്ത്രി വ്യക്തമാക്കിയിരുന്നു. അതിനിടെ വിജിലൻസ് അന്വേഷണം ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്.

ടിക്കറ്റിതര വരുമാനത്തിലൂടെ കെ.എസ്.ആർ.ടി.സിയുടെ നഷ്ടം കുറയ്ക്കുന്നതിനും ബസ് ടെർമിനലുകൾ ആധുനിക വത്ക്കരിച്ച് യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി രൂപം നൽകിയ പദ്ധതിയാണ് ഇപ്പോൾ നഷ്ടക്കണക്കിൽ പെട്ടിരിക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ സ്ഥലത്ത് കെ.ടി.ഡി.എഫ്.സിയാണ് ബസ് ടെർമിനൽ നിർമിച്ചത്. 3,70,244 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബഹുനില കെട്ടിടത്തിന്റെ നിർമാണം 2009ൽ ആരംഭിച്ച് 2015ലാണ് പൂർത്തിയായത്. 75 കോടി രൂപയായിരുന്നു നിർമ്മാണ ചെലവ്. ആലിഫ് ബിൽഡേഴ്‌സിനാണ് കഴിഞ്ഞ ആഗസ്റ്റിൽ 30 വർഷത്തേക്ക് കെട്ടിടം വാടകയ്ക്ക് നൽകിയത്.