savala

കോഴിക്കോട്: ഞെട്ടിക്കുന്ന വിധത്തിൽ പാചകവാതക നിരക്ക് കൂടുന്നതിനൊപ്പം അടുക്കള ബഡ്‌ജറ്റ് തീർത്തും താളം തെറ്രിച്ച് പച്ചക്കറി വിലയും കുതിയ്ക്കുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെ സവാള, തക്കാളി, പയർ, മുരിങ്ങക്കായ എന്നിവയ്ക്ക് ഇരട്ടിയിലേറെയാണ് വിലവർദ്ധന. മാസങ്ങൾ നീണ്ട ഇടവേള പിന്നിട്ട് മുഴുവനായും തുറക്കാൻ കഴിഞ്ഞ ഹോട്ടലുകാർക്ക് ഇത് വല്ലാത്ത പ്രഹരമായി മാറിയിരിക്കുകയാണ്.

നേരത്തെ കിലോഗ്രാമിന് 15 മുതൽ 20 രൂപയ്ക്ക് ലഭിച്ചിരുന്ന സവാളയ്ക്ക് ഇപ്പോൾ വില 40 രൂപ കടന്നു. ചിലയിടങ്ങളിൽ ചില്ലറ വിപണിയിൽ 45നും മുകളിലാണ്. തക്കാളിയ്ക്ക് ഒരാഴ്ചയ്ക്കിടെ 15 രൂപയിൽ നിന്നു 36 രൂപയായി. നാട്ടിൻപുറത്തെ കടകളിൽ 40 രൂപ വരെയുണ്ട്. മുരിങ്ങക്കായുടെ വില 20 രൂപയിൽ നിന്നു 53 രൂപയായി. ചില്ലറ വില പലയിടത്തും കിലോവിന് നൂറിനടുത്തെത്തിയിട്ടുണ്ട്. പയറിന് 60 രൂപയും ബീൻസിന് 49 രൂപയുമാണ് നിരക്ക്. ഊട്ടി കാരറ്റിന് 41 രൂപയായി. വില കൂടിയ ഇനങ്ങൾക്ക് വില്പന കുറഞ്ഞിട്ടുണ്ട്.

കർണാടക, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഊട്ടി, മൈസൂർ എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പച്ചക്കറികൾ കൂടുതലായും എത്തുന്നത്. ഇന്ധനവില വർദ്ധിച്ചതോടെ വാഹനവാടക കൂടിയതും മഴക്കെടുതി കാരണം ഉത്പന്നങ്ങളുടെ ലഭ്യത കുറഞ്ഞതും വിലക്കയറ്റത്തിനിടയാക്കിയതായി മൊത്തവ്യാപാരികൾ പറയുന്നു. ഉള്ളിവരവ് മുഖ്യമായും മഹാരാഷ്ട്രയിൽ നിന്നു തന്നെ. കനത്ത മഴ ഉള്ളി ഉത്പാദനത്തെ സാരമായി ബാധിച്ചു. കൊവിഡ് കാരണം മറ്റു ചില സംസ്ഥാനങ്ങളിലും ഉത്പാദനം കുറയാനിടയായി. അതോടെ കേരളത്തിലേക്കുള്ള ലോഡിന്റെ എണ്ണം തന്നെ പ്രകടമായി കുറയുകയായിരുന്നു.

കൊവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ട് ബദൽ മാർഗമെന്ന നിലയിൽ വഴിയോരങ്ങളിലും ഉന്തുവണ്ടികളിലും പച്ചക്കറി ഇനങ്ങൾ നിരത്തി കച്ചവടം തുടങ്ങിയവരും ഈ വിലക്കയറ്റത്തിൽ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്. എളവൻ, വെള്ളരി, ഉരുളക്കിളഴങ്ങ്, പീച്ചിങ്ങ, മത്തങ്ങ, പച്ചമുളക് തുടങ്ങിയവയ്ക്കാണ് കാര്യമായി വില കൂടാത്തത്തത്. പൂജ ദിവസങ്ങൾ അടുക്കുമ്പോഴേക്കും പച്ചക്കറി ഇനങ്ങൾക്ക് ഇനിയും കൂടാനാണ് സാദ്ധ്യത.

'' കഴിഞ്ഞ ആഴ്ച വരെ പരമാവധി 20 രൂപയുണ്ടായിരുന്ന ഉള്ളിയ്ക്ക് ഇപ്പോൾ 40 രൂപ കൊടുക്കേണ്ടി വരുന്നു. പൂജ ദിവസങ്ങളിൽ വില ഇനിയും കൂടുകയേയുള്ളൂ.

പ്രസന്നകുമാർ,

പച്ചക്കറി വ്യാപാരി, പാളയം.