മുക്കം: സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കാൻ മലയോര ജനത ഒരുമിച്ചതോടെ ഹൈവേ നിർമ്മാണത്തിന് വേഗം കൂടി. കോഴിക്കോട് ജില്ലയിൽ കോടഞ്ചേരിക്കും കക്കാടംപൊയിലിനും ഇടയിലുള്ള ഭാഗത്താണ് മലയോര ഹൈവേയുടെ പ്രവൃത്തി പുരോഗമിക്കുന്നത്. കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിലായി അഞ്ച് കിലോമീറ്റർ നീളത്തിൽ ടാറിംഗ് പ്രവൃത്തി പൂർത്തിയായി. ഏഴുമീറ്റർ വീതിയിലാണ് ടാറിംഗ് നടത്തിയത്. വൈദ്യുത തൂണുകൾ മാറ്റുന്നതോടെ ബി.എം.ബി.സി നിലവാരത്തിൽ ഒമ്പതു മീറ്റർ വീതിയിൽ ടാറിംഗ് നടത്തും. കാസർകോട് നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം പാറശ്ശാല വരെ നീളുന്നതാണ് പാത. കോഴിക്കോട് ജില്ലയിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിൽ പെടുന്ന കോടഞ്ചേരി, പുലിക്കയം, നെല്ലിപ്പൊയിൽ, ഇലന്തുകടവ്, പുല്ലൂരാംപാറ, പുന്നക്കൽ, കൂടരഞ്ഞി കരിങ്കുറ്റി, കൂടരഞ്ഞി പോസ്റ്റോഫീസ് ജംഗ്ഷൻ, കൂമ്പാറ, മേലെ കൂമ്പാറ, ആനക്കല്ലുംപാറ, അകമ്പുഴ, താഴെ കക്കാട്, കക്കാടംപൊയിൽ വഴിയാണ് മലയോര ഹൈവേ കടന്നുപോകുന്നത്. റോഡിന്റെ ഇരുവശത്തും വീതി കൂട്ടൽ, കലുങ്കുകളുടെയും പാലങ്ങളുടെയും നിർമ്മാണം, സംരക്ഷണ ഭിത്തി കെട്ടൽ എന്നീ പ്രവൃത്തികളാണ് നടക്കുന്നത്.
കൂടരഞ്ഞി പഞ്ചായത്തിൽ ആനക്കല്ലുംപാറ- അകമ്പുഴ- താഴെ കക്കാട് ഭാഗത്ത് നിലവിലെ റോഡിൽ നിന്ന് മാറിയുളള അലൈൻമെന്റിനാണ് അംഗീകാരം ലഭിച്ചത്. ആറു കിലോമീറ്റർ ദൈർഘ്യത്തിൽ പുതുക്കിയ നിർദ്ദേശം കിഫ്ബിക്ക് സമർപ്പിച്ചിരിക്കുകയാണ്. പുതിയ അലൈൻമെന്റിൽ രണ്ട് പാലവും കൂടുതൽ കലുങ്കുകളും പണിയേണ്ടി വരും. ഇതിനായി എസ്റ്റിമേറ്റിലും മാറ്റം വരുത്തണം. ഹൈവേയ്ക്ക് ആവശ്യമായ സ്ഥലം നാട്ടുകാർ സൗജന്യമായാണ് നൽകിയത്. ചിലർ സ്ഥലം വിട്ടുനൽകാൻ ബാക്കിയുണ്ട്. ഇവരുമായി എം.എൽ.എയുടെയും തദ്ദേശ ഭരണ പ്രതിനിധികളുടെയും നേതൃത്വത്തിൽ ചർച്ച നടന്നുവരികയാണ്. സ്ഥലത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഏതാനും പേർ ഹൈക്കോടതിയ സമീപിച്ചിട്ടുണ്ടെങ്കിലും നിർമ്മാണത്തെ ബാധിച്ചിട്ടില്ല.
കോടഞ്ചേരി മുതൽ കക്കാടാംപൊയിൽ വരെയുളള റീച്ചിന്റെ പ്രവൃത്തി ഉദ്ഘാടനം 2020 ആഗസ്റ്റ് 11ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനാണ് നിർവഹിച്ചത്. രണ്ടു വർഷമാണ് നിർമ്മാണ കാലാവധി. 34.3 കി.മി നീളമുളള പാത 12 മീറ്റർ വീതിയിലാണ് നവീകരിക്കുന്നത്. കിഫ്ബി ഫണ്ടിൽ 155 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്.