കോഴിക്കോട്: ഒന്നോ രണ്ടോ മാസമല്ല, ഒന്നര വർഷത്തിലേറെയായുള്ള കാത്തിരിപ്പിലാണ് തീയേറ്റർ ജീവനക്കാർ; വെള്ളിത്തിരയിൽ നിറങ്ങളുടെ വസന്തം വീണ്ടും വിടരുന്ന നിമിഷത്തിനായി.
ബഹുഭൂരിപക്ഷത്തിനും ബദൽ തൊഴിൽവഴി തുറന്നു കിട്ടാൻ പഴുതില്ലെന്നിരിക്കെ തീയേറ്ററുകൾ തുറക്കുക മാത്രമെ രക്ഷയായുള്ളൂ. മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഇന്ന് നടക്കുന്ന ചർച്ചയിൽ കണ്ണുംനട്ടിരിക്കുകയാണ് ഇവരൊക്കെയും. പരമാവധി ഇളവുകളോടെയുള്ള തീരുമാനമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരെന്ന പോലെ തീയേറ്റർ ഉടമകളും.
കൊവിഡ് വ്യാപന ഭീഷണി ഉയർന്നുതുടങ്ങിയപ്പോൾ 2020 മാർച്ച് പത്തിന് അടച്ചുപൂട്ടിയതാണ് സംസ്ഥാനത്തെ തീയേറ്ററുകൾ.
ബീച്ചുകളടക്കം വിനോദസഞ്ചാര കേന്ദ്രങ്ങളും മാളുകളും ഹോട്ടലുകളുമെല്ലാം തുറന്നപ്പോഴും തീയേറ്ററുകൾക്കുള്ള വിലക്ക് നീങ്ങിയില്ല. കഴിഞ്ഞ 20 മാസത്തിനിടെ മൂന്നു മാസം മാത്രമാണ് തീയേറ്രറുകൾ ഭാഗികമായെന്നോണം പ്രവർത്തിച്ചത്. ആ വകയിലുമുണ്ട് നഷ്ടക്കണക്ക്.
കാര്യമായ ഇളവുകളും ആനുകൂല്യങ്ങളും നൽകിയെങ്കിൽ മാത്രമേ തീയേറ്റർ വ്യവസായം മുന്നോട്ടു കൊണ്ടുപോകാനാവൂ എന്ന് തൊഴിലാളികളും സമ്മതിക്കുന്നുണ്ട്. ഏറെക്കാലമായി അടഞ്ഞുകിടക്കുന്ന തീയേറ്റർ തുറക്കുമ്പോൾ നവീകരണ പ്രവൃത്തികൾ കുറച്ചൊന്നുമാവില്ല. അതിനുള്ള ഫണ്ട് കണ്ടെത്താൻ പോലും ഞെരുങ്ങുകയാണ് നല്ലൊരു പങ്ക് ഉടമകളും. തിയേറ്ററുകളും. വൈദ്യുതി ബിൽ , ലൈസൻസ് പുതുക്കൽ, വിനോദ നികുതി എന്നിവയിലെല്ലാം ഇളവുകളുണ്ടായെങ്കിലേ നഷ്ടം കൂടാതെ തീയേറ്ററുകൾ ഓടിക്കാനാവൂ. സർക്കാർ കനിയാതെ പറ്റില്ലെന്ന് തീയേറ്റർ തൊഴിലാളി കൂട്ടായ്മയായ 'തിരശ്ശീല"യുടെ ഭാരവാഹികൾ പറയുന്നു.
സാധാരണ നിലയിൽ തീയേറ്ററുകൾ തുറന്നാൽ തന്നെ പ്രതിസന്ധി പെട്ടെന്നൊന്നും തീരില്ല. ഇടക്കാലത്ത് തുറന്നു പ്രവർത്തിച്ച മാസങ്ങളിൽ പോലും എല്ലാവർക്കും മുഴുവൻ തൊഴിൽദിനങ്ങൾ കിട്ടിയിട്ടില്ല. ശമ്പളവും ബാക്കിയാണ്. ചെലവ് കൂടുതലും വരവ് കുറവുമെന്ന സാഹചര്യം നിലവിലുണ്ട്. ഇന്നത്തെ നിലയിൽ മറ്റൊരു പണിയെക്കുറിച്ച് ആലോചിക്കാനാവില്ല. ശരാശരി 40ന് മുകളിൽ പ്രായമുള്ളവരാണ് ഈ മേഖലയിൽ കൂടുതലും.
തീയേറ്ററുകളിൽ മാത്രമേ പ്രദർശിപ്പിക്കൂ എന്നു ഉറപ്പിച്ച സിനിമകൾ പോലും ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലേക്ക് മാറുന്ന പ്രശ്നവുമുണ്ട്. ഈ രീതി പടർന്നാൽ തീയേറ്ററുകൾ വെറുതെയാവില്ലേ എന്ന ആശങ്ക ഉയർത്തുകയാണ് ഈ കൂട്ടായ്മ.
'' തൊഴിലില്ലാതെ, വരുമാനമില്ലാതെ തള്ളി നീക്കുകയായിരുന്നു ഈ മാസങ്ങളത്രയും. ആയിരക്കണക്കിന് തൊഴിലാളികളുണ്ട് ഈ മേഖലയിൽ. തീയേറ്ററുകൾ നഷ്ടമില്ലാതെ പ്രവർത്തിക്കാനുള്ള എല്ലാ ഇളവുകളും സർക്കാർ അനുവദിക്കണം
പി.എം.മോഹൻദാസ്,
പ്രസിഡന്റ്, ' തിരശ്ശീല"
(തീയേറ്റർ തൊഴിലാളി കൂട്ടായ്മ)