കുന്ദമംഗലം: കുന്ദമംഗലം പുതിയ സ്റ്റാൻഡിൽ സന്ധ്യയായാൽ ബസുകൾക്ക് കയറാൻ മടിയാണ്. ഏഴുമണികഴി‌ഞ്ഞാൽ ഒരു ബസും സ്റ്റാൻഡിൽ കയറ്റില്ല. കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന ബസുകളാണ് രാത്രികാലങ്ങളിൽ ദേശീയപാതയിൽ നിർത്തി ആളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്. സ്റ്റാൻഡിൽ നിൽക്കുന്ന യാത്രക്കാർ പിന്നെ ബസിന്റെ പിറകെ ദേശീയപാത മുറിച്ച് കടന്ന് ബസിൽ കയറണം. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ദീർഘദൂരബസുകളും രാത്രികാലങ്ങളിൽ സ്റ്റാൻഡിന് എതിർഭാഗത്ത് ദേശീയ പാതയിലാണ് നിറുത്താറുള്ളത്. സ്റ്റാൻഡിന് മുമ്പിൽ ചെറിയ ഇറക്കമായതിനാൽ വാഹനങ്ങൾ അമിതവേഗത്തിലാണ് ഇത് വഴി കടന്നുപോകുന്നത്. വാഹനഅപകടങ്ങൾ ഇവിടെ പതിവാണ്. സ്റ്റാൻഡിന് മുമ്പിലെ പൊലിസ് എയിഡ് പോസ്റ്റിൽ പൊലീസുള്ളപ്പോൾ മാത്രമാണ് ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കാറുള്ളത്. കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന ബസുകൾ ക്രമത്തിൽ നിറുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിയാൽ മാത്രമേ കൂടുതൽ ബസുകൾക്ക് സ്റ്റാൻഡിൽ കയറാനാവൂ. സ്റ്റാൻഡിനുള്ളിലെ ഹൈ മാസ്റ്റ് ലൈറ്റും പഞ്ചായത്ത് കരാർ നൽകിയ സ്ഥാപനത്തിന്റെ പരസ്യ ബോർഡിലെ ലൈറ്റുകളും കണ്ണ്ചിമ്മിയിട്ട് നാളേറെയായി. കടകൾ അടച്ചാൽ സ്റ്റാൻഡ് ഇരുട്ടിലാണിപ്പോൾ. ഹൈേവേയിൽ പെട്രോളിംഗ് നടത്തുന്ന പോലീസ് വാഹനം ചില സമയങ്ങളിൽ ഈ ഭാഗത്ത് നിറുത്തിയിടാറുണ്ടങ്കിലും തിരക്കേറെയുള്ള സ്റ്റാൻഡിൽ മുഴുവൻ സമയവും പൊലീസിനെ നിയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.