കൊയിലാണ്ടി: കെ.റെയിൽ പദ്ധതി കേരളത്തിന്റെ സാമ്പത്തിക ഭദ്രത തകിടം മറിക്കുമെന്ന് സുപ്രീംകോടതി അഭിഭാഷകനും ദേശീയ മനുഷ്യാവകാശ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ. പദ്ധതി മറ്റൊരു വെള്ളാനയെ സൃഷ്ടിക്കാൻ മാത്രമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കെ.റെയിൽ ജനകീയ പ്രതിരോധ സമിതി വെങ്ങളം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടിൽപീടികയിൽ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ 374-ാം ദിവസം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.റെയിൽ സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.റെയിൽ ജനകീയ പ്രതിരോധ സമിതി കഴിഞ്ഞ ഒക്ടോബറിലാണ് സമരം ആരംഭിച്ചത്. സമിതി ചെയർമാൻ ടി.ടി ഇസ്മയിൽ അദ്ധ്യക്ഷത വഹിച്ചു. സ്വരാജ് പാർട്ടി സംസ്ഥാന പ്രസിഡന്റ് ഗ്രേവിയസ് അലക്സാണ്ടർ, വിശ്വംഭരൻ, തോമസ് കോട്ടൂരാൻ, പ്രൊഫ. വേണു, വിജയരാഘവൻ ചേലിയ തുടങ്ങിയവർ പ്രസംഗിച്ചു. കെ റെയിൽ ജനകീയ പ്രതിരോധ സമിതി ജനറൽ കൺവീനർ കെ മൂസക്കോയ സ്വാഗതവും കോ ഓർഡിനേറ്റർ സുനീഷ് കീഴാരി നന്ദിയും പറഞ്ഞു.