1
മുളകുപൊടി എറിഞ്ഞു കവർച്ചനടത്തിയ ഗള്ളി സ്‌ട്രീറ്റിലെ വീട്ടിൽ പോലീസ് ഫിംഗർ പ്രിൻറ് ഉദ്യോഗസ്ഥർ തെളിവുകൾ ശേഖരിക്കുന്നു

കോഴിക്കോട് : ദമ്പതികളെ മുറിക്കുള്ളിൽ കുടുക്കി മുളക്‌ പൊടി വിതറി നഗരമദ്ധ്യത്തിലെ വീട്ടിൽ കവർച്ച. ഗണ്ണിസ്ട്രീറ്റ് ചാക്കാരിട മുഷ്താഖ് റോഡിലെ പി.എ ഹൗസ് വളപ്പിലുള്ള സലാമിന്റെ വീട്ടിലാണ് ഇന്നലെ പുലർച്ചയോടെ കവർച്ച നടന്നത്. ജനലിലെ മര അഴികൾ മുറിച്ചുമാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. മേഷ്ടാക്കളെ തടയാൻ ശ്രമിച്ച് സലാമിന്റെ മകൾ ആയിഷയ്ക്ക് നേരെയാണ് മുളകുപൊടി എറിഞ്ഞത്. ഒരു പവൻ തൂക്കമുള്ള ബ്രേസ്ലേറ്റാണ് കവർച്ച ചെയ്യപ്പെട്ടത്.സലാമും ഭാര്യ റാബിയയും ഉറങ്ങിയ മുറി ഇയാൾ ഷാൾ ഉപയോഗിച്ച് കെട്ടിയിട്ടു. മുകൾ നിലയിലെ ആളില്ലാത്ത മുറിയിലെത്തി അലമാരയിലെ സാധനങ്ങൾ വലിച്ചിട്ടു.പിന്നീട് മോഷ്ടാവ് ആയിഷയുടെ മുറിയിലെത്തി. ആയിഷ ബഹളം വെച്ചതോടെ മുകളുപൊടിയെറിഞ്ഞാണ് മോഷ്ടാവ് കടന്നുകളഞ്ഞത്. ആയിഷയുടെ കൈയിലുണ്ടായിരുന്ന ബ്രേസ്ലേറ്റി ഇയാൾ കൈക്കലാക്കി. വാതിലിലെ കെട്ടഴിച്ച് മാതാപിതാക്കളെ മോചിപ്പിച്ചശേഷം കുടുംബം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.കൺട്രോൾ റൂമിലെ പട്രോളിംഗ് സംഘം എത്തി മേഖലയിലാകെ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. മേൽക്കൂരയിലെ ഓടിളക്കി അകത്തുകയറാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ജനൽ അഴി മുറിച്ച് അകത്ത് കടന്നത്. വിരലടയാളം പതിയാതിരിക്കാൻ ഇയാൾ കൈയുറകൾ ധരിച്ചിരുന്നു.ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സ്വപ്‌നിൽ മഹാജൻ, ടൗൺ അസി. കമ്മീഷണർ പി. ബിജുരാജ്, സ്‌പെഷ്യൽ ബ്രാഞ്ച് അസി. കമീഷണർ എ. ഉമേഷ്, ടൗൺ ഇൻസ്‌പെക്ടർ പി. രാജേഷ്, എസ്.ഐ ഷൈജു എന്നിവരും വിരലടയാള വിദഗ്ധൻ പി. ശ്രീരാജ്, ഡോഗ് സ്‌ക്വാഡ് എന്നിവരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.