കൽപറ്റ: അന്താരാഷ്ട്ര ബാലികാ ദിനത്തോടനുബന്ധിച്ച് വയനാട് ചൈൽഡ് ലൈൻ കൂട്ടയോട്ടം സംഘടിപ്പിച്ചു. പെൺകുട്ടികളുടെ വിദ്യഭ്യാസം, സുരക്ഷ, ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ഐക്യരാഷ്ട്രസഭയുടെ ഉദ്യമത്തിൽ പങ്കാളികളാവുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച കൂട്ടയോട്ടം ജില്ലാ അഡീഷണൽ മജിസ്‌ട്രേറ്റ് എൻ.ഐ.ഷാജു ഫ്ളാഗ്ഓഫ് ചെയ്തു. കപുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച് കളക്ടറേറ്റ് പരിസരത്ത് അവസാനിച്ച കൂട്ടയോട്ടത്തിൽ കൽപറ്റ എൻ.എം.എസ്.എം ഗവ. കോളജിലെ നാഷണൽ സർവ്വീസ് സ്‌കീം, ആന്റി ഹ്യുമൻ ട്രാഫിക്കിംഗ് ക്ലബ് വളണ്ടിയർമാർ, ചൈൽഡ് ലൈൻ ടീമംഗങ്ങൾ എന്നിവർ പങ്കെടുത്തു. വളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റും മെമെന്റോയും ചൈൽഡ് ലൈൻ ഡയറക്ടർ സി.കെ.ദിനേശൻ സമ്മാനിച്ചു. എൻ.എം.എസ്.എം കോളേജ് അദ്ധ്യാപകരായ എ.കെ.ഹസീന, പി.ശാലിനി, ചൈൽഡ് ലൈൻ ജില്ലാ കോ ഓഡിനേറ്റർ എ.സി.ദാവൂദ്, ലില്ലി തോമസ്, പി.വി.സബിത, സതീഷ് കുമാർ, ജിൻസി എലിസബത്ത്, ജിതിൻ കുമാർ, കെ.ആർ.റീജ എന്നിവർ നേതൃത്വം നൽകി.