കൽപ്പറ്റ: കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാത്തവരെ കണ്ടെത്താൻ സർവ്വെ നടത്തുന്നു. വാക്സിൻ സ്വീകരിക്കുന്നതിന് ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരും ഇതുവരെ ഒന്നാം ഡോസ് വാക്സിൻ സ്വീകരിക്കാത്ത ആളുകൾ, ഒന്നാം ഡോസ് സ്വീകരിച്ച് നിശ്ചിത സമയം കഴിഞ്ഞിട്ടും രണ്ടാം ഡോസ് സ്വീകരിക്കാത്തവർ എന്നിവരുടെ വിവരങ്ങളാണ് സർവ്വെയിലൂടെ ശേഖരിക്കുക. കുടുംബശ്രീ യൂണിറ്റുകളെയാണ് വിവരശേഖരണത്തിനായി നിയോഗിച്ചിട്ടുളളത്. ഒക്‌ടോബർ 13 മുതൽ 20 വരെ സർവ്വേ നടത്തി 23 നകം റിപ്പോർട്ട് സമർപ്പിക്കുന്നതിന് പഞ്ചായത്ത്, മുനിസിപ്പാലിറ്റി സെക്രട്ടറിമാരെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി.

ഗൂഗിൾ ഫോം മുഖേന നടത്തുന്ന സർവ്വെയിൽ ഒരു വീട്ടിലെ മുഴുവൻ ആളുകളുടെയും വാക്സിനേഷൻ വിവരങ്ങൾ ശേഖരിക്കും. പതിനെട്ട് വയസ്സിൽ താഴെയുള്ളവരുടെ വിവരങ്ങളും ഇതോടൊപ്പം ശേഖരിക്കുന്നുണ്ട്. ഈ വിഭാഗത്തിൽപ്പെട്ടവർക്ക് വാക്സിനേഷൻ നൽകുന്ന അവസരത്തിൽ പ്രയോജനപ്പെടുത്താനാണിത്. 18 വയസ്സിനു മുകളിലുള്ളവരുടെയും താഴെയുള്ളവരുടെയും വിവരങ്ങൾ പ്രത്യേകമായിട്ടാണ് രേഖപ്പെടുത്തുന്നത്.

ഓരോ വാർഡിലേയും എല്ലാ വീടുകളിൽ നിന്നും വിവര ശേഖരണം നടത്തിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വാർഡ് മെമ്പർ/ കൗൺസിലർ ഉറപ്പാക്കണമെന്ന് നിർദ്ദേശമുണ്ട്. പദ്ധതിയുടെ ജില്ല നോഡൽ ഓഫീസർ കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ആയിരിക്കും.


കോവിഡ് സുരക്ഷ വാഹനം നൽകി

കൽപ്പറ്റ: ഇസാഫ്, ഓപ്പർച്യൂണിറ്റി ഇന്റർനാഷണൽ ആസ്‌ട്രേലിയയും സംയുക്തമായി വയനാട് ജില്ലയ്ക്ക് കൊവിഡ് പ്രതിരോധ വാഹനം നൽകി. രാജ്യത്തെ ആറു സംസ്ഥാനങ്ങളിലായി നടപ്പിലാക്കി വരുന്ന 'സുരക്ഷ 21' പദ്ധതിയുടെ ഭാഗമായാണ് കൊവിഡ് റെസ്‌പോൺസ് പ്രോജക്ടിൽ ഉൾപ്പെടുത്തി വാഹനം നൽകിയത്. ആദിവാസി മേഖലകളിൽ കൊവിഡ് വാക്സിൻ നൽകുന്നതിനായി വാഹനം ഉപയോഗപ്പെടുത്തും. ജില്ലാ കളക്ടർ എ.ഗീത വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. ഇസാഫ് മാനേജർ (സോഷ്യൽ ഇനിഷിയേറ്റീവ്) കെ.ഗിരീഷ് കുമാർ, പ്രൊജക്ട് കോർഡിനേറ്റർ പ്രണോയ് ആന്റണി, ഡിവിഷിണൽ മാനേജർ ജിബിൻ വർഗീസ്, കസ്റ്റമർ മാനേജർ കെ.രാജേഷ്, റിട്ടെയിൽ മാനേജർ പ്രസാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.