വാളവയൽ: അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട് വാളവയലിലെ എൽ.പി സ്കൂളിന്. 1966 മുതൽ പ്രദേശത്തെ കുടിയേറ്റ കർഷകരുടേയും ഗോത്ര ജനതയുടേയും കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത് ഈ സർക്കാർ സ്ഥാപനത്തെയാണ്. പക്ഷേ തലമുറകൾക്കിപ്പുറവും വാളവയലിലെ കുട്ടികൾക്ക് നാലാം തരത്തിന് ശേഷം തുടർ പഠനത്തിന് അകലെയുള്ള എയ്ഡഡ് സ്കൂളുകളെ ആശ്രയിക്കേണ്ട അവസ്ഥയ്ക്ക് മാറ്റമില്ല. ഗോത്രവിഭാഗങ്ങളിൽ നിന്നുള്ള കുട്ടികളിൽ മിക്കവരുടേയും പഠനം ഇതോടെ അവസാനിക്കുകയാണ് പതിവ്.
2011 മുതൽ ഇവിടെ ഹൈസ്കൂൾ പ്രവർത്തിച്ച് വരുന്നുണ്ട്. ഏഴ് വർഷമായി പത്താം തരത്തിൽ നൂറ് ശതമാനം വിജയവുമുണ്ട്. എങ്കിലും വാളവയലിൽ നിന്ന് തുടർ പഠനത്തിനായി ദൂരെയുള്ള സ്കൂളുകളിലേക്ക് പോയ കുട്ടികൾ അവിടെതന്നെയുള്ള ഹൈസ്ക്കൂളുകളിൽ തുടരുകയാണ് പതിവ്. അംഗനവാടിയും പ്രീ പ്രൈമറിയും പ്രൈമറിയും ഹൈസ്കൂളുമുള്ള വാളവയലിൽ അപ്പർ പ്രൈമറി കൂടി അനുവദിക്കേണ്ടത് അത്യാവശ്യമാണ്.
യു.പി. സ്കൂളിനാവശ്യമായ ഭൗതിക സാഹചര്യങ്ങളെല്ലാം വർഷങ്ങൾക്ക് മുൻപ് തന്നെ ഇവിടെ സജ്ജമാണ്. 30 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിലെ മൂന്ന് ക്ലാസ് മുറികളിൽ മേശയും ബഞ്ചും വരെ തയ്യാറാണ്.
വിദ്യാർത്ഥികൾ മുൻപ് ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയതിനെ തുടർന്ന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അറിയിപ്പ് വന്നിട്ട് ആറ് മാസം പിന്നിട്ടെങ്കിലും തുടർ നടപടികളായില്ല. കഴിഞ്ഞ മാസം സ്കൂൾ സന്ദർശിച്ച മന്ത്രി കെ.രാജനെ അദ്ധ്യാപകരും രക്ഷിതാക്കളും വിഷയം ധരിപ്പിച്ചതിനെത്തുടർന്ന് ഇക്കാര്യം വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നു.
വരുന്ന അദ്ധ്യയന വർഷമെങ്കിലും തങ്ങളുടെ കുട്ടികൾക്ക് വാളവയലിലെ യു.പി. സ്കൂളിൽ പഠിയ്ക്കാനാവുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കൾ.