1

നാദാപുരം: കല്ലാച്ചിയിലും പരിസരങ്ങളിലുമായി ലക്ഷങ്ങൾ വില വരുന്ന സർക്കാർ ഭൂമി സ്വകാര്യവ്യക്തികൾ തരംപോലെ കൈയേറിയിട്ടും അധികൃതർ തികഞ്ഞ നിസംഗതയിൽ. വാട്ടർ അതോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിന്റേയും ഭൂമിയാണ് കൈയേറിയതിലേറെയും.

കല്ലാച്ചിയിൽ നിന്നു വളയത്തേക്ക് പോകുന്ന ഭാഗത്ത് ഓത്തിയിൽമുക്കിൽ പണിതീർത്ത കല്ല്യാണമണ്ഡപത്തിന്റെ വാഹന പാർക്കിംഗിനായി റോഡരികിലെ സർക്കാർ ഭൂമി ഇടിച്ചുനിരത്തി മതിൽ വരെ കെട്ടിത്തിരിച്ചിട്ടും അധികൃതർ കണ്ട ഭാവം നടിച്ചില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. തൊട്ടടുത്തു തന്നെ മറ്റൊരു സ്വകാര്യ ബിസിനസ് സ്ഥാപനം സർക്കാർ ഭൂമിയിൽ കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച് വൻപന്തലും പണിതിട്ടുണ്ട്. ഈ ഭാഗത്ത് ഉണ്ടായിരുന്ന തെങ്ങുകളും മറ്റു വലിയ മരങ്ങളും മുറിച്ചു മാറ്റിയതായും നാട്ടുകാർ പറയുന്നു. ഇപ്പോൾ ഈ സർക്കാർ ഭൂമിയിൽ മണ്ണ്മാന്തി യന്ത്രം ഉപയോഗിച്ച് നിലംനിരത്തി കല്ല് കൊണ്ട് മതിൽ കെട്ടി വേർതിരിച്ച നിലയിലാണ്. മാത്രമല്ല, മണ്ണ് നീക്കം ചെയ്തതോടെ ഇവിടെ ബാക്കിയുള്ള മരങ്ങൾ വീഴാൻ പാകത്തിലായിട്ടുമുണ്ട്.

വിഷ്ണുമംഗലം പമ്പ് ഹൗസ് പരിസരത്തായുള്ള സ്ഥലത്ത് റോഡിൻെറ ഇരുവശത്തുമായി വാട്ടർ അതോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും അധീനതയിലുള്ള ലക്ഷങ്ങൾ വില മതിക്കുന്ന ഭൂമിയാണ് സ്വകാര്യവ്യക്തികൾ മണ്ണിട്ട് നികത്തി കൈവശപ്പെടുത്തിയിരിക്കുന്നത്. തൊട്ടടുത്ത വിഷ്ണുമംഗലം പുഴയുടെ ഭാഗത്തുമുണ്ട് സർക്കാർ ഭൂമിയിൽ ഇത്തരത്തിൽ കൈയേറ്റം. നാദാപുരം, ചെക്യാട് ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെടുന്ന സ്ഥലങ്ങളാണിത്.

കല്ലാച്ചി ടൗണിൽ പൈപ്പ് ലൈൻ റോഡരികിലും നാദാപുരം ടൗൺ പരിസരത്ത് പൂച്ചാക്കൂൽ റോഡരികിലും വാട്ടർ അതോറിറ്റിയുടെ അധീനതയിലുള്ള ഭൂമി സ്വകാര്യവ്യക്തികൾ കൈയേറി ഇടിച്ചുനിരത്തി സ്വന്തം ഭൂമിയോട് ചേർത്ത നിലയിലാണ്. അനധികൃത കൈയേറ്റത്തെ സംബന്ധിച്ച് നിരവധി പരാതികൾ അധികൃതർക്ക് ലഭിച്ചിട്ടുണ്ട്

പക്ഷേ, കൈയേറ്റങ്ങളെ കുറിച്ച് അന്വേഷിക്കാനോ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാനോ നടപടികളില്ലെന്നു മാത്രം.