മുക്കം: ഉപജില്ലയിലെ തൊണ്ടിമ്മൽ ഗവ.എൽ.പി സ്കൂൾ മികവിന്രെ കേന്ദ്രമാക്കി മാറ്റാൻ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുക്കം മേഖലാ കമ്മിറ്റിയുടെ തീരുമാനം. കുട്ടികളുടെ കുറവ് അനുഭവിക്കുന്ന വിദ്യാലയത്തെ അദ്ധ്യാപക- രക്ഷാകർതൃസമിതിയുടെയും നാട്ടുകാരുടെയും സഹായത്തോടെ മലയോര മേഖലയിലെ മാതൃകാ വിദ്യാലയമാക്കി മാറ്റാനാണ് പരിഷത്തിൻ്റെ തീരുമാനം. ഇതിനായി വിദ്യാർത്ഥികളുടെ ബഹുമുഖ കഴിവുകൾ പരിപോഷിപ്പിക്കാനുതകുന്ന പഠന ക്യാമ്പുകൾ, സർഗോത്സവങ്ങൾ, വിജ്ഞാനോത്സവം,രക്ഷാകർതൃ ശാക്തീകരണ പരിപാടികൾ തുടങ്ങിയവ നടത്തും. യോഗത്തിൽ കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ പ്രഫ.ടി.പി കുഞ്ഞിക്കണ്ണൻ, പി.കെ.ബാലകൃഷ്ണൻ, ടി.പി.സുകുമാരൻ, ജില്ല പ്രസിഡന്റ് പി.എം ഗീത, സെക്രട്ടറി എ. ശശിധരൻ, മേഖല പ്രസിഡന്റ് പി.സ്മിന, സെക്രട്ടറി സി.ദേവരാജൻ, ബോബി ജോസഫ്‌, വിജീഷ് പരവരി, വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ മജീദ് തുടങ്ങിയവർ പങ്കെടുത്തു.