ro

കോഴിക്കോട്: ദമ്പതികളെ മുറിയിൽ കെട്ടിയിട്ട് മുളകുപൊടി വിതറി കവർച്ച നടത്തിയ സംഭവത്തിൽ അന്വേഷണം സി.സി.ടി.വി കേന്ദ്രീകരിച്ച്. സമീപത്തെ കടകളിൽ നിന്നും വീടുകളിൽ നിന്നുമുള്ള ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. മുളകുപൊടി എറിഞ്ഞ് കവർച്ച നടത്തിയ കേസുകൾ നേരത്തെയും ഉണ്ടായതിനാൽ സ്ഥിരം മോഷണ സംഘങ്ങളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.

ഗണ്ണി സ്ട്രീറ്റ് ചാക്കാരിട മുഷ്താഖ് റോഡിൽ പി.എ ഹൗസ് വളപ്പിൽ സലാമിന്റെ വീട്ടിലാണ് മോഷണം നടന്നത്. സലാമിനെയും ഭാര്യ റാബിയെയും കെട്ടിയിട്ട് മോഷണം നടത്തുന്നതിനിടെ തടയാൻ ശ്രമിച്ച മകൾ ആയിഷയ്ക്ക് നേരെയാണ് മുളകുപൊടി എറിഞ്ഞത്. ഒരു പവന്റെ ബ്രേസ്ലേറ്റാണ് കവർച്ച ചെയ്തത്. വിരലടയാളം പതിയാതിരിക്കാൻ മോഷ്ടാവ് കൈയുറ ധരിച്ചിരുന്നു.

ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സ്വപ്‌നിൽ മഹാജൻ, ടൗൺ അസി. കമ്മിഷണർ പി. ബിജുരാജ്, സ്‌പെഷ്യൽ ബ്രാഞ്ച് അസി. കമ്മിഷണർ എ. ഉമേഷ്, ടൗൺ ഇൻസ്‌പെക്ടർ പി. രാജേഷ്, എസ്.ഐ ഷൈജു എന്നിവരും വിരലടയാള വിദഗ്ദ്ധൻ പി. ശ്രീരാജ്, ഡോഗ് സ്‌ക്വാഡ് എന്നിവരും വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. ടൗൺ പൊലീസാണ് അന്വേഷണം നടത്തുന്നത്.