കൽപ്പറ്റ: സംസ്ഥാനത്ത് കൊവിഡ് മരണത്തിനുള്ള അപ്പീൽ നൽകുമ്പോൾ പൊതുജനങ്ങൾക്കുണ്ടാകുന്ന സംശയ ദൂരീകരണത്തിന് ദിശ ഹെൽപ് ലൈൻ സജ്ജമായതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു. സംശയനിവാരണത്തിനായി ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്. 24 മണിക്കൂറും ദിശയുടെ സേവനം ലഭ്യമാകും. പരിചയ സമ്പന്നരായ സോഷ്യൽവർക്ക് പ്രൊഫഷണലുകളുടെയും ഡോക്ടമാരുടെയും ഏകോപന സംവിധാനമാണ് ദിശ. വിവിധ സേവനങ്ങൾക്കായി 25 ഡെസ്‌കുകളാണ് പ്രവർത്തിക്കുന്നത്. പ്രതിദിനം 4000 കോളുകൾ വരെ കൈകാര്യം ചെയ്യാൻ കഴിയുന്ന വിധമാണ് ദിശയുടെ പ്രവർത്തനം.

അപ്പീൽ നൽകേണ്ട വിധം

ഇഹെൽത്ത് കൊവിഡ് ഡെത്ത് ഇൻഫോ പോർട്ടൽ (https://covid19.kerala.gov.in/deathinfo) മുഖേനയാണ് അപേക്ഷ അയയ്‌ക്കേണ്ടത്. ഐ.സി.എം.ആർ പുറത്തിറക്കിയ പുതുക്കിയ മാർഗനിർദ്ദേശ പ്രകാരം കൊവിഡ് മരണമായി പ്രഖ്യാപിക്കാവുന്ന മരണങ്ങളും, ഇതുവരെ പ്രഖ്യാപിക്കപ്പെട്ട കൊവിഡ് മരണ ലിസ്റ്റിൽ ഇല്ലാത്തതും, ഏതെങ്കിലും പരാതിയുള്ളവർക്കും പുതിയ സംവിധാനം വഴി അപ്പീൽ നൽകാനാകും.

ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ അറിയാത്തവർക്ക് പി.എച്ച്.സി വഴിയോ അക്ഷയ സെന്റർ വഴിയോ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ ഫോം കൊവിഡ് 19 ഡെത്ത് ഇൻഫോ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ലഭിക്കുന്ന അപേക്ഷകൾ 30 ദിവസത്തിനുള്ളിൽ തീർപ്പാക്കും. ജില്ലാ കൊവിഡ് മരണ നിർണയ സമിതിക്കും (സി.ഡി.എ. സി) അംഗീകാരത്തിന് ശേഷമാണ് സർട്ടിഫിക്കറ്റ് നൽകുക. ഡെത്ത് ഇൻഫോ പോർട്ടൽ വഴി നൽകിയ അപേക്ഷയുടെ തൽസ്ഥിതി അറിയാനും സാധിക്കും.

ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ച കൊവിഡ് മരണങ്ങൾക്ക് ഡെത്ത് ഡിക്ലറേഷൻ സർട്ടിഫിക്കറ്റ് നൽകി വരുന്നുണ്ട്. ആനുകൂല്യങ്ങൾക്ക് ഈ സർട്ടിഫിക്കറ്റ് മതിയാകും. ഡെത്ത് ഡിക്ലറേഷൻ സർട്ടിഫിക്കറ്റ് കിട്ടിയിട്ടുള്ളവർക്ക് മാത്രമേ ഐ.സി.എം.ആർ മാതൃകയിലുള്ള സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ കഴിയൂ.