കൽപ്പറ്റ: കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒക്‌ടോബർ 15 വരെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുളളതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ എ.ഗീത അറിയിച്ചു. ശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ വെള്ളം കയറാനിടയുളള പ്രദേശങ്ങളിലും, മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുളള പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം. ജലാശയങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കണം. മഴയെ തുടർന്ന് ജലാശയങ്ങളിൽ പെട്ടെന്ന് വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയോരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശം അനുസരിച്ച് ആവശ്യമെങ്കിൽ മാറി താമസിക്കാൻ തയ്യാറാകണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുന്നതോടൊപ്പം മഴ വെള്ളപാച്ചിൽ ഉണ്ടാകാൻ സാധ്യതയുളള പുഴ, മലഞ്ചെരവുകൾ എന്നിവിടങ്ങളിൽ സഞ്ചാരികളുടെ പ്രവേശനം നിയന്ത്രിക്കുന്നതിനുളള നടപടികൾ സ്വീകരിക്കാൻ ടൂറിസം വകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകി.

അവധി ദിവസങ്ങളിൽ ഓഫീസ് തുറക്കണം

ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുളളതിനാൽ മുൻകരുതൽ സ്വീകരിക്കുന്നതിനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വില്ലേജ് ഓഫീസുകളും അവധി ദിവസങ്ങളായ 14, 15, 17 തീയതികളിൽ തുറന്ന് പ്രവർത്തിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പ്രസ്തുത സ്ഥാപന മേധാവികൾ ജില്ലാ കലക്ടറുടെ മുൻകൂർ അനുമതിയില്ലാതെ അവധിയെടുക്കാൻ പാടില്ല.