കൽപ്പറ്റ: ലോട്ടറി തൊഴിലാളി സഹകരണ സംഘത്തിനെതിരെ നടക്കുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് സംഘം പ്രസിഡന്റ് പി.ആർ.ജയപ്രകാശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുൻ സെക്രട്ടറി നടത്തിയ പണാപഹരണം ഭരണസമിതിയാണ് കണ്ടെത്തിയത്. കൂടുതൽ അന്വേഷണത്തിനായി സഹകരണ വകുപ്പിനോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

2016 മുതൽ പി.വി.അജിത്ത് ആണ് സെക്രട്ടറി. 2020 മാർച്ച് 23 മുതൽ ലോക്ക്ഡൗണിനെ തുടർന്ന് പണം ബാങ്കിൽ അടയ്ക്കാതെ തുക സെക്രട്ടറി കൈവശം വെച്ചു. ഈ പണം അടച്ച് കണക്കുകൾ ശരിയാക്കി ബാലൻസ്ഷീറ്റും അനുബന്ധ രേഖകളും സമർപ്പിക്കാൻ നിരവധി തവണ ആവശ്യപ്പെട്ടുവെങ്കിലും സെക്രട്ടറി തയ്യാറായില്ല. ജോലിക്ക് വരാതിരിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് 2020 മെയ് 28ന് നോട്ടീസ് നൽകിയിട്ടും മറുപടി തന്നില്ല. ഭരണസമിതി സബ് കമ്മിറ്റിയെ നിയോഗിച്ച് വിദഗ്ധരുടെ സഹായത്തോടെ കണക്കുകൾ പരിശോധിച്ചു. ഇതിൽ 22,88,589 രൂപയുടെ വ്യത്യാസമുള്ളതായി കണ്ടെത്തി. ഈ പണം അടയ്ക്കാമെന്ന് അജിത് ഉറപ്പ് നൽകിയെങ്കിലും പാലിച്ചില്ല. തുടർന്ന് കഴിഞ്ഞ നവംബറി അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തു. പൊലീസിൽ പരാതിയും നൽകി. സ്വത്ത് അറ്റാച്ച് ചെയ്യാൻ ജോയിന്റ് രജിസ്ട്രാറുടെ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും ജയപ്രകാശ് അറിയിച്ചു.
വാർത്താസമ്മേളനത്തിൽ ഡയറക്ടർമാരായ ടി.എസ്.സുരേഷ്, വി.ജെ.ഷിനു, സെക്രട്ടറി ഇൻ ചാർജ് ഇന്ദുപ്രഭ, മനോജ് അമ്പാടി എന്നിവരും പങ്കെടുത്തു.