കോഴിക്കോട്: ചക്രവാത ചുഴിയുടെ ചുവടുപിടിച്ച് പെയ്യുന്ന മഴയ്ക്ക് ജില്ലയിൽ നേരിയ ശമനം. ഇന്നലെ ജില്ലയിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ പെയ്‌തെങ്കിലും ശക്തമായി പെയ്തില്ല. മലയോര മേഖലയിൽ ഇടവിട്ട് മഴ പെയ്തു. മഴയ്ക്കു കുറവുണ്ടായെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്.വീടുകളിൽ കയറിയ വെളളം പൂർണ്ണമായും ഒഴിഞ്ഞ് പോയിട്ടില്ല. മാവൂർ റോഡിലെ വെള്ളക്കെട്ട് കഴിഞ്ഞ രാത്രി തന്നെ ഒഴിഞ്ഞ് പോയിരുന്നെങ്കിലും വേങ്ങരിയിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. അതേ സമയം മലയോര മേഖലയിലടക്കം വലിയ തോതിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ആളപായം ഇല്ലെങ്കിലും നിരവധി വീടുകൾക്ക് കേടുപാടുണ്ടായി. മതിലുകൾ തകർന്നുവീണു. കൃഷിയും നശിച്ചു. മരം വീണും മറ്റും തടസപ്പെട്ട റോഡുകൾ ഗതാഗതയോഗ്യമാക്കി. കനത്ത മഴയെത്തുടർന്ന് ആരംഭിച്ച 14 കാമ്പുകളിലായി നൂറോളം കുടുംബങ്ങളാണ് മാറി താമസിച്ചിട്ടുള്ളത്. മഴ മാറി നിന്നതോടെ ഇവരിൽ പലരും വീടുകളിലേക്ക് മാറിയിട്ടുണ്ട്.കനത്ത മഴയ്ക്ക കാരണമായ അറബിക്കടലിലെ ചത്രവാതച്ചുഴി നീളുന്നതിനാൽ സംസ്ഥാനത്ത് നാളെ വരെ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ വിലയിരുത്തൽ. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ധം രൂപപ്പെടാനും സാദ്ധ്യതയുണ്ട്. ഓറഞ്ച് അലേർട്ടാണ് ജില്ലയിൽ. തീവ്രഅതി തീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ജില്ലയിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു.