jjj

കോഴിക്കോട്: വിജയ ദശമി ദിനത്തിൽ ആദ്യാക്ഷരം നുകരാൻ വിവിധ കേന്ദ്രങ്ങളിൽ കുരുന്നുകൾ എത്തി.

ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിൽ നവരാത്രി പൂജയും വിജയദശമിയും ആഘോഷിച്ചു. വിജയദശമി ദിവസം രാവിലെ പൂജ എടുപ്പിനു ശേഷം 7 മണിക്ക് ക്ഷേത്രം മേൽശാന്തി ഷിബുശാന്തിയുടെ നേതൃത്വത്തിൽ 70 ഓളം കുട്ടികൾക്ക് വിദ്യാരംഭം കുറിച്ചു. സരസ്വതി പൂജയും ശ്രീവിദ്യ മന്ത്രപുഷ്പാഞ്ജലിയും ഭജനയും വാഹന പൂജയും നടത്തി. ക്ഷേത്രയോഗം പ്രസിഡന്റ് പി.വി.ചന്ദ്രൻ, വൈസ് പ്രസിഡന്റ് പി സുന്ദർദാസ്, ജനറൽ സെക്രട്ടറി സുരേഷ്ബാബു എടക്കോത്ത്, ജോയിന്റ് സെക്രട്ടറി സജീവ് സുന്ദർ കാശ്മിക്കണ്ടി, ട്രഷറർ കെ.വി. അരുൺ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഡയറക്ടർമാർ, ഭരണസമിതി അംഗങ്ങൾ, പ്രവർത്തക സമിതി അംഗങ്ങൾ, വനിതാ കമ്മിറ്റി അംഗങ്ങൾ ഭക്തജനങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

ഹനുമാൻ സേന ഭാരതിന്റെ നേതൃത്വത്തിൽ കേന്ദ്ര കാര്യാലയത്തിൽ നടന്ന ചടങ്ങ് സംസ്ഥാന ചെയമാൻ എ.എം ഭക്ത വത്സലൻ ഉദ്ഘാടനം ചെയ്തു. സംഗീത് ചേവായൂർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സിനിമാ സംവിധായകൻ സുധീർ ഒറ്റപ്പാലത്തിനെ ആദരിച്ചു. ചെറിയാൻ തോട്ടുങ്കലിന്റെ എന്നെ അറിയുവർ എന്ന പുസ്തകം ചെയർമാന് കൈമാറി പ്രകാശനം ചെയ്തു. കുട്ടികളുടെ ഭജനയും പ്രസാദ വിതരണവും നടത്തി. യുവ സേന ശാരീരിക് പ്രമുഖ് പ്രണവ് വടകര മുരളി കൃഷ്ണൻ ഷിജു കരുണാകരൻ , ജാം പ്രഭു എന്നിവർ സംസാരിച്ചു. പുരുഷു സ്വാഗതവും സത്യജിത്ത് നന്ദിയും പറഞ്ഞു.

വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരു വരാശ്രമത്തിൽ വിദ്യാരംഭ ചടങ്ങിന് നരസിംഹാശ്രമത്തിലെ ബ്രഹ്മചാരി രവീന്ദ്രൻ വേങ്ങേരി കാർമികത്വം വഹിച്ചു. യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം സെക്രട്ടറി സുധീഷ് കേശവപുരി, സുബ്രഹ്മണ്യൻ ശാന്തി എന്നിവർ നേതൃത്വം നൽകി. തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ നടന്ന എഴുത്തിനിരുത്തലിൽ പ്രശസ്ത വിവർത്തകനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാര ജേതാവുമായ കെ.എസ്. വെങ്കിടാചലം കാർമികത്വം വഹിച്ചു.

എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി ശാഖയുടെ ഇലഞ്ഞിക്കൽ ദേവി ക്ഷേത്രത്തിൽ ഒമ്പതു ദിവസത്തെ നവരാത്രി മഹോത്സവം ഭക്തിനിർഭരമായ ചടങ്ങുകളോടും, മംഗള പൂജയോടും കൂടി സമാപിച്ചു. ക്ഷേത്രം തന്ത്രി ശിവഗിരി മഠം സന്യാസി ശ്രേഷ്ഠൻ ജ്ഞാനതീർത്ഥ സ്വാമികൾ(മഠാധിപതി ശിവഗിരി നാരായണ മന്ദിർ ,തിരുവമ്പാടി) ക്ഷേത്ര മേൽശാന്തി എൻ.എസ്. രജീഷ് ശാന്തി തുടങ്ങിയവർ കാർമികത്വം വഹിച്ചു. സജീവ് പുതുപ്പറമ്പിൽ ,സുരേഷ് ബാബു മാക്കാട്ടു ചാലിൽ, ജമനീഷ് ചെറുവോട്ട്,മനോജ് മഠത്തിൽ,രജീഷ് വയലിൻ മനോജ് മുകളേൽ,സാജൻ പന്ന്യമാക്കൽ,രാജീവ് ചൂരക്കാട്, പി.ആർ രാജേഷ് എന്നിവർ നേതൃത്വം നൽകി.