മാവൂർ: ഒരു കാലത്ത് കോഴിക്കോട് ജില്ലയിലെ മാവൂർ, പെരുവയൽ, പെരുമണ്ണ പഞ്ചായത്തുകളിലെ സാധാരക്കാരായ ജനങ്ങളുടെ ആശ്രയമായിരുന്ന ചെറൂപ്പ ഹെൽത്ത് സെന്റർ ഇപ്പോൾ ശോചനീയാവസ്ഥയിലാണ്. പ്രസവചികിത്സയും പ്രസവവാർഡും കുട്ടികൾക്കുള്ള ചികിത്സയും ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിച്ചിരുന്ന അത്യാഹിത വിഭാഗവും ഉണ്ടായിരുന്ന ഹെൽത്ത് സെന്റർ ഇന്ന് കൊവിഡ് പരിശോധയും വാക്സിൻ നൽകലുമായി ഒതുങ്ങി.
ആശുപത്രി ജീവനക്കാർക്ക് വേണ്ട അത്യാവശ്യ സൗകര്യങ്ങൾ പോലും ഇവിടെ ഇല്ള. മൊത്തം 48 ഉദ്യോഗസ്ഥർ ഉണ്ടെങ്കിലും ജോലിക്ക് എത്തുന്നവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്. ഹെൽത്ത് സെന്ററിന്റെ ആറ് എക്കറോളം ഭൂമി കാട് പിടിച്ച് കിടക്കുകയാണ്. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പണിത്ത ഡയാലിസിസ് സെന്ററിനുള്ള കെട്ടിടം അടഞ്ഞുകിടക്കുന്നു. പത്തുലക്ഷം രൂപ എം.എൽ.എ ഫണ്ട് കൊണ്ട് വാങ്ങിയ വാഹനം ചെറൂപ്പ ആശുപത്രിയ്ക്ക് വേണ്ടി ഉപയോഗിക്കപെടുന്നില്ല. എല്ലാ ഭൗതിക സൗകര്യങ്ങളും ഉണ്ടായിട്ടും അത് പ്രയോജനപ്പെടുത്താൻ ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ല.
ഉദ്യോഗസ്ഥരുടെ അശ്രദ്ധമൂലം മൂന്ന് പഞ്ചായത്തുകളിലേക്കായി കൊണ്ടുവന്ന ലക്ഷങ്ങൾ വിലവരുന്ന എണ്ണൂറോളം കോവിഷീൽഡ് വാക്സിൻ ഉപയോഗശൂന്യമായത് കഴിഞ്ഞ ദിവസമാണ്.
കേരളപഞ്ചായത്തിരാജ് നിയമമനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് പൊതുജന ആരോഗ്യകാര്യങ്ങളിൽ ചുമതല. എന്നാൽ ജില്ലാ ആരോഗ്യ സർവീസ് വകുപ്പിന്റെയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെയും ഇരട്ട ഭരണമാണ് ഈ ഹെൽത്ത് സെന്ററിൽ. എല്ലാ മെഡിക്കൽ കോളേജിനും നിർബന്ധമായും ഒരു ഹെൽത്ത് സബ് സെന്റർ വേണമെന്ന കാരണത്താൽ ഈ ഹെൽത്ത് സെന്റർ പഞ്ചായത്തിന് വിട്ടുകൊടുക്കാൻ മെഡിക്കൽ കോളേജ് അതികൃതർ തയ്യാറല്ല. ഇത് മൂലം ജില്ലാ പഞ്ചായത്തിനോ ബ്ലോക്ക് പഞ്ചായത്തിനോ മാവൂർ പഞ്ചായത്തിനോ ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് വിനിയോഗിക്കാൻ കഴിയില്ല.
ചികിത്സ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ സാധാരണക്കാരായ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. സാധാരണ ജനങ്ങൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ സമയത്ത് തൊട്ടടുത്ത സ്വകാര്യ ആശുപത്രികൾ കൊള്ള ലാഭം കൊയ്യുകയാണ്. പരസ്പര മത്സരങ്ങൾ ഒഴിവാക്കി ഒരു മേശക്ക് ചുറ്റുമിരുന്ന് ചർച്ച ചെയ്താൽ നിലവിലെ അവസ്ഥകൾ മെച്ചപ്പെടുത്തി ഒരു നല്ല സൗകര്യങ്ങളുള്ള ആശുപത്രിയായി ചെറുപ് പഹെൽത്ത് സെന്ററിനെ മാറ്റാം.
ഇരട്ട ഭരണമായത് കൊണ്ടും നിർവഹണ ഉദ്യോഗസ്ഥൻ ഇല്ലാത്തത് കൊണ്ടും ബ്ലോക്ക് പഞ്ചായത്തിന് ഫണ്ട് വിനിയോക്കാൻ കഴിയുന്നില്ല - ബാബു നെല്ലിശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
ചെറുപ്പ ഹെൽത്ത് സെന്റർ മെഡിക്കൽ കോളേജിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആയതു കൊണ്ട് സർക്കാരിന് പരിമിതികൾ ഉണ്ട് - പി.ടി.എ റഹീം, എം.എൽ.എ