കൊയിലാണ്ടി : പ്ലസ് വൺ ഗ്രൂപ്പിന് അഡീഷണൽ ബാച്ചുകൾ അനുവദിക്കണമെന്നാവശ്യവുമായി വിദ്യാർത്ഥികൾ. ഗവ: ഗേൾസ് ഹയർ സെക്കൻഡറിയിലും ജി.വി.എച്ച് എസ് എസിലും നിലവിൽ ഒരോ ബാച്ച് വീതമാണ് സയൻസ് ബാച്ചുകൾ. ഇവിടെ അഡീഷണൽ സയൻസ് ബാച്ചുകൾ അനുവദിച്ചാൽ പ്രവേശനം ലഭിക്കാത്ത മുഴുവൻ എ.പ്ളസ് നേടിയ വിദ്യാർത്ഥികൾക്കും പ്രവേശനം ലഭിക്കുമെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. സയൻസ് പഠന വിഷയമായി പഠിക്കാൻ ആഗ്രഹിച്ച പലരും കോമേഴ്സ്,ഹ്യൂമനിറ്റീസ് ഗ്രൂപ്പുകളിലാണ് ചേർന്നത്.ചിലർ സ്വാശ്രയ സ്കൂളുകളിൽ വലിയ ഫീസ് നൽകി ചേർന്നിട്ടുണ്ട്. മറ്റ് ചിലരാകട്ടെ അടുത്ത വർഷത്തേക്ക് എയ്ഡഡ് സ്കൂളുകളിൽ സീറ്റ് ഉറപ്പിച്ചുവെക്കാനും ആലോചിക്കുകയാണ്. ഇത്തവണ നഗരസഭയിലെ മൂന്ന് ഹൈസ്കൂളുകളിൽ നിന്നായി 457 വിദ്യാർത്ഥികളാണ് മുഴുവൻ വിഷയങ്ങളിലും എ. പ്ളസ് നേടിയത്. 240 സീറ്റുകളാണ് സയൻസ് ബാച്ചിലുള്ളത്. പലരും ആദ്യ ചോയ്സായി നല്കിയത് ഗവ.മാപ്പി ള ഹയർ സെക്കൻഡറിയിലാണ്. അതു കൊണ്ട് അടുത്ത പഞ്ചായത്തുകളിലെ സ്കൂളിൽ പ്രവേശനവും ലഭിച്ചില്ല. അതിനാൽ സർക്കാറിന് അധിക ബാധ്യത ഇല്ലാതെ ഒരു ബാച്ചുള്ള രണ്ട് സ്കൂളിലും അഡീഷണൽ ബാച്ച് അനുവദിക്കണമെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.