2

കൊയിലാണ്ടി: ഹോമിയോ ആശുപത്രികളിലെ അൾട്രാ സൗണ്ട് സ്‌കാനിംഗ് നിലച്ചിട്ട് ഏഴ് വർഷമായി. 2010ലാണ് ഹോമിയോ ഡയറക്ടർ സംസ്ഥാനത്തിലെ കൊയിലാണ്ടി, പാലക്കാട്, കോഴിക്കോട്, കൊല്ലം, മാനന്തവാടി, കണ്ണൂർ ഹോമിയോ ആശുപത്രികളിലേക്ക് സ്‌കാനിംഗിനായി അൾട്രാ സൗണ്ട് സ്‌കാനിംഗ് മെഷീൻ അനുവദിക്കുന്നത്. ഒരു യന്ത്രത്തിന് ആറരലക്ഷം രൂപയാണ് വില നല്കിയത്.2010 ഏപ്രിലിൽ കൊയിലാണ്ടിയിൽ സ്‌കാനിംഗ് ആരംഭിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ആഴ്ചയിൽ ഒരു ദിവസം റേഡിയോളജിസ്റ്റ് എത്തിയാണ് സ്‌കാനിംഗ് നടത്തിയത്.300 രൂപയാണ് രോഗികൾ ഫീസായി നല്കിയത്. ഇതേ സംവിധാനം തന്നെയാണ് മറ്റ് അഞ്ചിടത്തിലും തുടർന്നിരുന്നത്. എന്നാൽ പിന്നീട് റേഡിയോളജിസ്റ്റ് വരുന്നത് നിലച്ചു. 2014ൽ കൊയിലാണ്ടിയിൽ സ്‌കാനിംഗ് നിലച്ചു. മറ്റിടങ്ങളിലും ഇതിനെ തുടർന്ന് സ്‌കാനിംഗ് നിറുത്തി വെച്ചു.നിർദ്ധനരായി നൂറുക്കണക്കിന് രോഗികൾക്ക് തിരിച്ചടിയായി.സ്വാകാര്യ സ്ഥാപനങ്ങളിൽ 800 രൂപയാണ് സ്കാനിംഗിന് ഈടാക്കുന്നത്. കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്നവർക്ക് പുറമെ സ്വകാര്യ അലോപ്പതി, ഹോമിയോ ചികിത്സയ്ക്ക് എത്തുന്നവർക്കും ഇവിടെ നിന്ന് സ്‌കാനിംഗ് നടത്താമായിരുന്നു. ചെറിയ അസുഖവുമായി ഹോമിയോ ആശുപത്രിയിലെത്തുന്നവർക്കു പോലും കൃത്യമായ രോഗ നിർണ്ണയത്തിന് സ്‌കാനിംഗ് അത്യാവശ്യമാണന്ന് ഇവിടുത്തെ ഡോക്ടർമാർ പറയുന്നു. പല തവണ ഈ വിഷയം മേലധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയതായും അവർ പറഞ്ഞു.

കോഴിക്കോട് കാരപ്പറമ്പിലുള്ള ഹോമിയോ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഹമീദ് പറയുന്നത് കേരളത്തിന് പുറത്ത് നിന്ന് റേഡിയോളജിസ്റ്റിനെ വരുത്തി സ്‌കാനിംഗ് പുനരാരംഭിക്കാൻ സത്വര നടപടികൾ എടുക്കുമെന്നാണ്. ലക്ഷങ്ങൾ വിലവരുന്ന ഈ യന്ത്രങ്ങൾ പ്രവർത്തിക്കാത്തതിനെ തുടർന്ന് കേടാവാനും ഇടയുണ്ടെന്ന് കൊയിലാണ്ടി ഹോമിയോ ആശുപത്രി ഡോക്ടർമാർ പറഞ്ഞു. വിഷയം പരിഹരിക്കാൻ സർക്കാർ തലത്തിൽ നടപടി വേണമെന്നാണ് അഭിപ്രായം.

 ആധുനിക ചികിത്സയുടെ ഭാഗമായ അൾട്രാ സൗണ്ട് സ്‌കാനിംഗ് ഉപയോഗിച്ച് ചികിത്സിക്കാൻ അലോപ്പതിക്ക് മാത്രമേ അവകാശമുള്ളൂ,

ഡോ. അജിത

ഐ.എം. എ മുൻ സംസ്ഥാന പ്രസിഡന്റ്

സ്‌കാനിംഗ് നിരക്ക് 300

സ്വാകാര്യ സ്ഥാപനങ്ങളിൽ 800

കൊയിലാണ്ടി, പാലക്കാട്, കോഴിക്കോട്, കൊല്ലം, മാനന്തവാടി, കണ്ണൂർ

നാൾവഴികൾ

2010ൽ സംസ്ഥാനത്ത് 6 മെഷീനുകൾ അനുവദിച്ചു

2014ൽ കൊയിലാണ്ടിയിൽ സ്കാനിംഗ് ആരംഭിച്ചു

2014 ഡിസംബറിൽ സ്കാനിംഗ് നിലച്ചു

2021 മെഷീനുകൾ കെട്ടികിടക്കുന്നു