kunnamangalam-news

കുന്ദമംഗലം: ജില്ലയിൽ കയർ ഭൂവസ്ത്രത്തിന്റെ ഉപയോഗം വർദ്ധിപ്പിക്കാൻ വിപുലമായ പദ്ധതി ആവിഷ്‌കരിക്കുവാൻ തീരുമാനമായി. കുന്ദമംഗലം രാജീവ്ഗാന്ധി സേവാഗർ ഓഡിറ്റോറിയത്തിൽ നടത്തിയ യോഗം പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കയർ കേരള പ്രദർശനത്തോടനുബന്ധിച്ച് കുന്ദമംഗലം, കോഴിക്കോട് ബ്ലോക്ക് പരിധിയിലുള്ള പത്ത് ഗ്രാമപഞ്ചായത്തുകൾ 1,97,168 ച.മീറ്റർ കയർ ഭൂവസ്ത്രം, മണ്ണ്ജല സംരക്ഷണ പദ്ധതികളിൽ ഉൾപ്പെടുത്തി വാങ്ങുന്നതിന് കയർഫെഡുമായി ധാരണ പത്രം ഒപ്പിട്ടിരുന്നു. എന്നാൽ സാമ്പത്തിക വർഷം അവസാനിക്കാൻ 5 മാസം മാത്രം ബാക്കിയിരിക്കെ നാമമാത്രമായ ഓർഡറുകൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഈ സാഹചര്യം പരിഗണിച്ചാണ് അവലോകനയോഗം ചേർന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഗ്രാമപഞ്ചായത്ത് തലങ്ങളിൽ മണ്ണ്ജല സംരക്ഷണത്തിന് കയർ ഭൂവസ്ത്രം സ്ഥാപിച്ചു വരുന്നത്. കയർഫെഡ് പ്രസിഡന്റ് അഡ്വ. എൻ. സായികുമാർ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ മുഖ്യ പ്രഭാഷണം നടത്തി. കുന്ദമംഗലം ജോയിന്റ് ബി.ഡി.ഒ കെ.പി രാജീവ് പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഓളിക്കൽ ഗഫൂർ, പുലപ്പാടി ഉമ്മർ, എ സരിത, ലിജി പുൽക്കുന്നുമ്മൽ, വി അനുഷ, സി ഉഷ, ബ്ലോക്ക് മെമ്പർ എൻ ഷിയോലാൽ, കയർഫെഡ് ഡയരക്ടർ പ്രേമൻ അക്രമണ്ണിൽ, പി.ആർ സിന്ധു, ശ്രീവർദ്ധൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു. കയർഫെഡ് ഡയറക്ടർ ദേവൻമങ്ങന്തറ സ്വാഗതവും റീജ്യണൽ ഓഫീസർ ടി.കെ ജീവാനന്ദൻ നന്ദിയും പറഞ്ഞു.