മാനന്തവാടി: സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ഉദ്ഘാടനം സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ ഓൺലൈനായി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അദ്ധ്യക്ഷത വഹിച്ചു. ഗോത്ര വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കുള്ള ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പ് ഒ.ആർ. കേളു എം.എൽ.എ വിതരണം ചെയ്തു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 138 ലധികം കുട്ടികൾക്കായി 32 ലക്ഷം രൂപയാണ് ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി വിതരണം ചെയ്തത്.
സബ് കളക്ടർ ആർ.ശ്രീലക്ഷ്മി കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്സെടുത്തു. എക്‌സൈസ് വകുപ്പ് വിമുക്തിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സ് അവതരിപ്പിച്ചു. വിവിധ നിയമങ്ങൾ എന്ന വിഷയത്തിൽ എസ്.സി /എസ്.ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ജോഷി ക്ലാസ്സെടുത്തു.
പട്ടികവർഗ്ഗ വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ പി.വാണിദാസ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ.ജയഭാരതി, ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസർ ജി.പ്രമോദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മീനാക്ഷി രാമൻ, കെ.വിജയൻ, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ കെ.വി.വിജോൾ, പി.കല്യാണി തുടങ്ങിയവർ പങ്കെടുത്തു.