കോഴിക്കോട് : കെ.എസ്.ആർ.ടി.സി ടെർമിനൽ നിർമ്മാണത്തിലും കൈമാറ്രത്തിലും പകൽ കൊള്ളയാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. എസ്.ആർ.ടി.സി ടെർമിനലിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെട്ടിട സമുച്ചയം അലിഫ് ബിൽഡേഴ്‌സിന് നൽകിയത് നഗ്‌നമായ അഴിമതിയാണ്. സി.പി.എം ബന്ധമുള്ളവരാണ് കരാറിന്റെ ഇടനിലക്കാർ. കെട്ടിട നിർമ്മാണത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണവും കരാറിലെ ക്രമക്കേട് സംബന്ധിച്ച് വിജിലൻസ് അന്വേഷണവും നടത്തണം. ടെൻഡറില്ലാതെ 17 കോടിക്ക് അലിഫ് ബിൽഡേഴ്‌സിന് കരാർ നൽകിയത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സർക്കാർ വ്യക്തമാക്കണം. പകൽ കൊള്ളയ്ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.കെ രാഘവൻ എം.പി, പി.എം. നിയാസ്, കെ.സി. അബു, യു. രാജീവൻ, കെ.ബാലനാരായണൻ, കെ.എം അഭിജിത്ത്, സത്യൻ കടിയങ്ങാട്, അഡ്വ.ഐ. മൂസ, പി.എം അബ്ദുറഹ്മാൻ, ചോലയ്ക്കൽ രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.