സുൽത്താൻ ബത്തേരി: വയനാട്ടിലെ ജനങ്ങൾ വർഷങ്ങളായി നേരിടുന്ന നേരിടുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണുവാനും കൃഷിയെയും കർഷകരെയും രക്ഷിക്കുവാനും രാഹുൽ ഗാന്ധി എം.പി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.ആന്റണി ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് ബത്തേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്തേരി ഡിവിഷൻ ഫോറസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വനങ്ങളിൽ ഉൾകൊള്ളുവാൻ കഴിയാത്ത വിധം വംശ വർദ്ധനവ് ഉണ്ടായതു കൊണ്ടാണ് വന്യമൃഗങ്ങൾ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലേക്ക് കയറുന്നതും മനുഷ്യരെയും, വളർത്തുമൃഗങ്ങളെയും കൊല്ലുന്നതും. വന്യമൃഗങ്ങൾ ക്രമാതീതമായി വർദ്ധിക്കുമ്പോൾ ഒരു നിശ്ചിത ശതമാനത്തെ കൊന്നുകളയുന്ന രീതി ലോകത്തെമ്പാടും ഉണ്ട്. ഇത് ഇവിടെയും നടപ്പിലാക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് കെ.എ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.അബുദുൾ സലാം, ജോസ് തലച്ചിറ, സ്റ്റീഫൻ ഷാജു, നിക്സൺ ഫ്രാൻസിസ്, സിബി ജോൺ, എം.ജോർജ്, പി.ജെ.വിപിൻ തുടങ്ങിയവർ പ്രസംഗിച്ചു.
കേരള കോൺഗ്രസ് ബത്തേരി ഡിവിഷൻ ഫോറസ്റ്റ് ഓഫിസിലേക്ക് നടത്തിയ ധർണ്ണ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.ആന്റണി ഉദ്ഘാടനം ചെയ്യുന്നു