കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസ്‌ ടെർമിനൽ നിർമ്മാണ അഴിമതിയിൽ ഇരുമുന്നണികൾക്കും പങ്കുണ്ടെന്ന് ബി.ജെ.പി ദേശീയനിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ടെർമിനൽ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കേരളം കണ്ട ഏറ്റവും വലിയ കുംഭകോണമാണിത്. സി.പി.എം നേതൃത്വവും ഭരണനേതൃത്വവുമാണ് പിന്നിൽ. ഉദ്യോഗസ്ഥരോ കരാറുകാരോ മാത്രം ഉൾപ്പെട്ടതല്ല ഈ അഴിമതിയിൽ. 2004 മുതൽ നിർമ്മാണത്തിൽ അഴിമതി നടന്നിരുന്നു. ചക്കരക്കുടത്തിൽ യു.ഡി.എഫ് നേതൃത്വവും കൈയിട്ടരിക്കുകയാണ്. ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ തയാറാവണം.പരിശോധനയിൽ ബലക്ഷയം കണ്ടെത്തിയില്ല. ഭരണകക്ഷിയെ സഹായിക്കുന്ന നിലപാടെടുത്ത ഉദ്യോഗസ്ഥരുടെ കൃത്യവിലോപത്തിന് ഭരണകക്ഷി നേതാക്കളുടെ പിൻബലമുണ്ട്. 50 കോടി രൂപയുടെ ഡെപ്പോസിറ്റ് 17 കോടി രൂപയാക്കി കരാറുകാർക്ക് കുറച്ചു കൊടുത്തു. അറ്റകുറ്റപ്പണിക്ക് 20 കോടി ആവശ്യമുണ്ടെന്ന് തീരുമാനിച്ചത് ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവരുടെ നേതൃത്വത്തിലാണ് തീവെട്ടിക്കൊള്ള നടന്നിരിക്കുന്നത്, ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ അഡ്വ. വി.കെ. സജീവൻ, സംസ്ഥാന സെക്രട്ടറി അഡ്വ.കെ.പി. പ്രകാശ്ബാബു, ഒ.ബി.സി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ എൻ.പി. രാധാകൃഷ്ണൻ, എം. മോഹനൻ, അഡ്വ. കെ.വി. സുധീർ, അഡ്വ. രമ്യമുരളി, ബി.കെ.പ്രേമൻ, വി.കെ.ജയൻ,ടി. റെനീഷ്,ടി.ചക്രായുധൻ,പ്രശോഭ് കോട്ടൂളി, ശശിധരൻ നാരങ്ങയിൽ,എൻ.ശിവപ്രസാദ് തുടങ്ങിയ നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.