കുടിവെള്ള പ്രശ്‌നം പരിഹരിക്കാൻ തുണയ്‌ക്കും
കാലാവസ്ഥാവ്യതിയാന പ്രത്യാഘാതം കുറയ്ക്കും
തൊഴിലുറപ്പുകാർക്ക് തൊഴിൽദിനങ്ങൾ കൂടും
തിരുവമ്പാടി: മണ്ണും വെള്ളവും സംരക്ഷിക്കാനായി തിരുവമ്പാടിയിൽ ബഹുജന പങ്കാളിത്തത്തോടെ വൻ നീർത്തടാധിഷ്ഠിത വികസന പദ്ധതി വരുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സംസ്ഥാന മിഷന്റെ ഭാഗമായി പൊയിലിങ്ങാപുഴ കേന്ദ്രീകരിച്ച് 451 ഹെക്ടർ ഭൂവിസ്‌തൃതിയിലാണ് സമഗ്ര നീർത്തട പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ ഇത്തരത്തിലുള്ള ഏക പദ്ധതിയാണിത്.
തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ പുന്നക്കൽ ഉറുമി പ്രദേശത്താണ് നീർത്തട വികസനം യാഥാർത്ഥ്യമാവുക. പദ്ധതി പൂർത്തിയാകാൻ മൂന്നു വർഷം വേണ്ടിവരും. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ സമഗ്രപദ്ധതി രേഖയുടെ പ്രകാശനവും പദ്ധതി നിർവഹണത്തിന്റെ ഉദ്ഘാടനവും നടക്കും.
പൊയിലിങ്ങാപുഴയുടെ പുനരുജ്ജീവനത്തിനും പരിസരപ്രദേശങ്ങളുടെ സമഗ്രവികസനത്തിനും നാന്ദി കുറിക്കുന്നതാവും പദ്ധതി. നീർച്ചാൽ ശൃംഖലകൾ കണ്ടെത്തി അവയുലെന്ന പോലെ വൃഷ്ടിപ്രദേശങ്ങളിലും അനുയോജ്യമായ പരിപാലനപദ്ധതി നടപ്പാക്കുകയാണ് ചെയ്യുക. ആഗോളതാപനത്തിന്റെ ഫലമായുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ ലഘൂകരിക്കാൻ ഇത് ഉതകും. കുടിവെളളപ്രശ്‌നം പരിഹരിക്കാനും ജലസേചന സൗകര്യത്തിനും ഉപകരിക്കുന്ന പദ്ധതി കാർഷിക മേഖലയ്ക്ക് പുത്തനുണർവേകും.
പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ കർഷകർ, കുടുംബശ്രീ അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുൾപ്പെട്ട കമ്മിറ്റികളുടെ മേൽനോട്ടത്തിലായിരിക്കും പ്രവർത്തനം. തദ്ദേശ സ്വയംഭരണ വകുപ്പ്, ജല സേചന വകുപ്പ്, കൃഷി വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ്, വനം വകുപ്പ്, ക്ഷീര വികസന വകുപ്പ്, മത്സ്യ വകുപ്പ്, ശുചിത്വ മിഷൻ, ഹരിതകേരള മിഷൻ എന്നിവയുടെ സഹകരണമുണ്ടാവും.
നീരുറവ് പദ്ധതി ഇങ്ങനെ
1. പുഴയിലേക്കുള്ള നീരൊഴുക്ക് കൂട്ടി ജലസമൃദ്ധമാക്കും.
2. തടയണകൾ നിർമ്മിച്ച് വരൾച്ച തടയും.
3. വീടുകളിലെ കിണറുകൾ സൗജന്യമായി റീചാർജ് ചെയ്യും.
4. പുരയിടങ്ങളിൽ മഴക്കുഴി നിർമ്മാണം ഏറ്റെടുക്കും
5. ജലസ്രോതസ്സുകൾ പുനരുജ്ജീവിപ്പിക്കും.
6. തീരങ്ങളിൽ മുളകൾ ഉൾപ്പെടെ മരങ്ങൾ വച്ചുപിടിപ്പിക്കും.
7. തീരസംരക്ഷണ ഭിത്തി നിർമ്മിക്കും.
8. പച്ചത്തുരുത്തുകൾ ഉറപ്പാക്കും.
''തിരുവമ്പാടിപഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ് വാർഡുകൾ കേന്ദ്രീകരിച്ചാണ് പദ്ധതി. സർവേ നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. കോടികൾ ചെലവ് പ്രതീക്ഷിക്കുന്ന പ്രോജക്ടിന്റെ മൊത്തം തുക സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ഡി.പി.ആർ അംഗീകാരത്തിനായി നവംബർ ഒന്നിന് ജില്ലാ കളക്ടർക്ക് സമർപ്പിക്കും.
അമൽ പി.സുധാകരൻ,
അസി. എൻജിനിയർ (പദ്ധതി ജോയിന്റ് കൺവീനർ)