it

കോഴിക്കോട് : ദുബയിലെ ഓറഞ്ച് ഇന്ററാക്ടീവ് ടെക്‌നോളജി എന്ന ഡിജിറ്റൽ പ്രൊഡക്ഷൻ കമ്പനി കോഴിക്കോട്ടെ ഐ.ടി കമ്പനിയായ കോഡ്‌ലാറ്റിസിൽ ലയിച്ചു. ഇനിമുതൽ കോഡ്‌ലാറ്റിസ് ദുബയ് എന്ന പേരിൽ അറിയപ്പെടും. 2009ൽ കോഴിക്കോട് തുടക്കമിട്ട ഐ.ടി സ്റ്റാർട്ടപ്പായ കോഡ്‌ലാറ്റിസും ദുബയ് കേന്ദ്രീകരിച്ച് 20 വർഷമായി പ്രവർത്തിക്കുന്ന ഓറഞ്ച് ഇന്ററാക്ടീവും തമ്മിൽ ഏറെ നാളത്തെ ബിസിനസ് സഹകരണമുണ്ടായിരുന്നു. മിഡിൽ ഈസ്റ്റ് വിപണിയിൽ ഡെലിവറി റോബോട്ടുകൾ ഉൾപ്പെടെ പുതിയ സേവനങ്ങൾ കോഡ്‌ലാറ്റിസ് ദുബായ് അവതരിപ്പിക്കുമെന്ന് കോഡ്‌ലാറ്റിസ് സഹ സ്ഥാപകനും പ്രൊമോട്ടറുമായ വിജിത്ത് ശിവദാസൻ പറഞ്ഞു.

വികസിച്ചു വരുന്ന ഡിജിറ്റൽ ടെക്‌നോളജി രംഗത്ത് ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച ഉത്പ്പന്നങ്ങളും സേവനങ്ങളും എത്തിക്കാൻ ഈ ലയനം സഹായിക്കുമെന്ന് ഓറഞ്ച് ഇന്ററാക്ടീവ് ടെക്‌നോളജി സി.ഇ.ഒ വികാസ് മോഹൻദാസ് പറഞ്ഞു. കോഡ്‌ലാറ്റിസിൽ ലയിച്ചെങ്കിലും കമ്പനിയുടെ നേതൃനിരയിൽ മാറ്റമില്ല. ബിഗ് ഡേറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, അനലിറ്റിക്‌സ് തുടങ്ങിയ സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കിയുള്ള ഉത്പ്പന്നങ്ങളാണ് കോഡ്‌ലാറ്റിസ് വിപണിയിൽ എത്തിക്കുന്നത്. കോഴിക്കോട്ട് തുടക്കമിട്ട കമ്പനിക്ക് ഇന്ന് എട്ടു രാജ്യങ്ങളിൽ ശാഖകളുണ്ട്.