canal
കനത്ത മഴയിൽ മാഹി ബൈപാസ് നിർമ്മാണത്തിനിടയിൽ അഴിയൂരിൽ ഡ്രൈയിനേജ് കവിഞ്ഞൊഴുകിയപ്പോൾ

വടകര: മാഹി ബൈപാസിനോടു ചേർന്ന ഡ്രെയ്നേജുകളുടെ അശാസ്ത്രീയ നിർമ്മാണത്തിന്റെ ആഘാതം അതിതീവ്രമഴയ്‌ക്കിടെ അഴിയൂരുകാർക്ക് ശരിക്കും ബോദ്ധ്യമായി.

ഉൾക്കൊള്ളാനാവുന്നതിലേറെ വെള്ളം ഡ്രെയ്‌നേജിലൂടെ കുത്തിയൊഴുകിയപ്പോൾ അഴിയൂർ പഞ്ചായത്തിലെ 4,5,17 വാർഡുകളിൽ തോടുകളൊക്കെയും നിറഞ്ഞുകവിഞ്ഞു. ഇതോടെ പതിനേഴാം വാർഡിൽ ബൈപാസിന് സമീപത്തായുള്ള നാലു വീടുകൾ പൂർണമായും വെള്ളത്തിലായി.

അഞ്ചാം വാർഡിൽ പരദേവത ക്ഷേത്രത്തിനടുത്തു നിന്നു പാത്തിക്കൽ പാത്തി വരെ പത്തോളം വീടുകളിൽ വെള്ളം കയറി. തോടിന്റെ മതിൽകെട്ട് നിലംപൊത്തിയതു കൂടാതെ തെങ്ങുകൾ കടപുഴകി വീണു. നാലാം വാർഡിലുമുണ്ടായി വെള്ളപ്പൊക്കം.

മൂന്നാം വാർഡിൽ ചാരംകയ്യിൽ തോടുകൾ കര കവിഞ്ഞതോടെ പത്തോളം വീടുകളിൽ വെള്ളം കയറി. മൂന്നു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മതിൽ പൊളിഞ്ഞതിനു പുറമെ കുടിവെള്ള പദ്ധതിയുടെ മോട്ടോർ തകരാറിലായി. പൂഴിത്തലയിൽ കീരിത്തോട്ടിൽ വെള്ളം കയറിയത് തീരദേശത്തെ വീടുകൾക്ക് വലിയ ഭീഷണിയായി മാറി. തോടുകളിൽ നിന്ന് കടലിലേക്ക് വെള്ളം ഒഴുകിപ്പോകുന്നിടത്ത് മണൽത്തിട്ട രൂപപ്പെട്ടിരിക്കുകയാണ്. മഴക്കെടുതി 2,16,18 വാർഡുകളിലുമുണ്ട്. അഞ്ചാം വാർഡിൽ ഒരു വീടിന്റെ ചുമരിന് വിള്ളൽ വന്നു.

പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, വില്ലേജ് ഓഫീസർ ടി.പി റെനീഷ് കുമാർ എന്നിവർ ദുരിതബാധിതപ്രദേശങ്ങൾ സന്ദർശിച്ചു. വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകർ അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

''മാഹി ബൈപാസ് ഡ്രെയ്നേജിലേ അപാകത തീർക്കാൻ അധികൃതർക്ക് പരാതി നൽകുന്നുണ്ട്. കുറ്റമറ്റ ഡ്രെയ്നേജ് സംവിധാനമാക്കിയില്ലെങ്കിൽ പെരുമഴ വരുമ്പോൾ ഈ പ്രശ്നം ആവർത്തിക്കും.

ആയിഷ ഉമ്മർ,

പഞ്ചായത്ത് പ്രസിഡന്റ്