1

കോഴിക്കോട്: കനത്ത മഴയിൽ നഗരത്തിലുണ്ടാകുന്ന വെള്ളക്കെട്ടുകൾക്ക് വൈകാതെ പരിഹാരമാകും. മൊഫ്യൂസൽ ബസ് സ്റ്റാൻഡിന് മുൻവശത്തും അരയിടത്ത് പാലത്തുമുള്ള വെള്ളക്കെട്ട് ഒഴിവാക്കാൻ ഇറിഗേഷൻ, കോർപറേഷൻ, പി.ഡബ്ല്യു.യു.ഡി എക്‌സി. എൻജിനീയർമാരുടെ സംയുക്ത പരിശോധന ഒക്ടോബർ 30നകം പൂർത്തീകരിക്കും. 31 ന് കളക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കും. പൊറ്റമ്മൽ, പറയഞ്ചേരി ഓടകൾ പരിശോധിക്കും. മൂന്നാലിങ്കൽ ഭാഗത്തെയും ബീച്ച് ആശുപത്രിയിലെയും ഓടകൾ അറ്റകുറ്റപണികൾ നടത്താൻ കെട്ടിടവിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തഴമ്പാട്ട് താഴം അങ്ങാടിയിൽ വെള്ളക്കെട്ട് ഉണ്ടാകുന്ന ഭാഗങ്ങൾ ഒക്ടോബർ 20 ന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ പരിശോധിക്കും. വേങ്ങേരി മാർക്കറ്റിനകത്തെ ഓടകൾ വൃത്തിയാക്കാൻ കൃഷി വകുപ്പിനെയും പൊറ്റമ്മൽ, പാലാഴി റോഡിലെ തുറന്ന ഓടകൾ സ്ലാബിട്ട് മൂടാൻ പൊതുമരാമത്ത് വകുപ്പിനെയും ചെലവൂരിലെ വെള്ളക്കെട്ടുകൾ പരിഹരിക്കാൻ ദേശീയപാത വിഭാഗത്തെയും ചുമതലപ്പെടുത്തി. നഗരത്തിലെ പ്രധാന മേൽപ്പാലങ്ങളായ സി.എച്ച് മേൽപാലവും എ.കെ.ജി മേൽപ്പാലവും അറ്റകുറ്റപണികൾ നടത്തി പുനരുദ്ധരിക്കാൻ അടിയന്തര നടപടി സ്വീകരിക്കും. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രിയുടെയും കളക്ടറുടെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഓൺലൈൻ യോഗത്തിലാണ് തീരുമാനം. യോഗത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, മേയർ ഡോ.ബീന ഫിലിപ്പ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ലക്ഷ്യം ശാശ്വത പരിഹാരം : മന്ത്രി പി.എ. മുഹമ്മദ് റിയാസ്

നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാക്കാനുള്ള പദ്ധതികൾ നടപ്പാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഗസ്റ്റ്ഹൗസിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നഗരത്തിലെ വെള്ളക്കെട്ടുകൾക്കും അതുവഴിയുണ്ടാകുന്ന ഗതാഗത തടസങ്ങൾക്കും ശാശ്വതമായ പരിഹാരം കാണുകയാണ് ലക്ഷ്യം. മാവൂർ റോഡ് ഭാഗത്തെ വെള്ളക്കെട്ട് പരിഹരിച്ചാൽ തന്നെ വലിയ മാറ്റമാണ് ഉണ്ടാവുക. വെള്ളക്കെട്ട് പരിഹരിക്കാൻ ഈ ഭാഗങ്ങളിൽ പല കാര്യങ്ങളും ചെയ്‌തെങ്കിലും ശാശ്വതമായ പരിഹാരം ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഈ അവസ്ഥ മാറ്റുകയാണ് പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.